കോതമംഗലം : അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പുഴകളിലെ ജലവിതാനം ഉയർന്നു. കനത്ത മഴയിൽ പെരിയാർ , പൂയംകൂട്ടിയാർ, കോതമംഗലം ആർ, കാളിയാർ പുഴകളിലും ജലവിതാനം വൈകിട്ടോടെ ഉയർന്ന നിലയിലായി. പലയിടത്തും വെള്ളം കയറിയ നിലയിലാണ്.
കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി, മൂന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഇഞ്ചത്തൊട്ടി പ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്ന നിലയിലാണ്. കുത്തു കുഴി – അടിവാട് റോഡിൽ കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ള കുടമുണ്ട പാലവും അതിനു മുകൾ ഭാഗത്ത് വരുന്ന നടപ്പാലങ്ങളും വെള്ളം കയറി മുങ്ങിയ നിലയിലാണ്. മണികിണർ പാലത്തിലും വെള്ളം കയറി. ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് ഭാഗത്തുണ്ടായ കനത്ത മഴയാണ് കോതമംഗലം ആറിൽ ജലനിരപ്പ് വൻ തോതിൽ ഉയരുവാൻ കാരണം. താഴ്ന്ന പ്രദേശങ്ങളിലാണ് പ്രധാനമായും വെള്ളം കയറിയിട്ടുള്ളത്.