കോതമംഗലം :കോതമംഗലം നഗരം കഞ്ചാവ് വിപണനത്തിന്റെ പ്രധാന കേന്ദ്രം ആയി എന്ന് സകല ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റും കേരളം ഒട്ടാകെ കുപ്രിസിദ്ധമായിരിക്കുകയാണ്. ദിനംപ്രധി കോതമംഗലം മേഖലയിൽ നിന്ന് കഞ്ചാവും മറ്റ് മാരക മയക്കുമരുന്നുകളും പിടികൂടികൊണ്ടിരിക്കുന്നു. ഇതിന്റെ എല്ലാം ഉപഭോക്താക്കൾ യുവ തലമുറയും വിദ്യാർത്ഥികളുമാണ് എന്നുള്ളതാണ് ഏറ്റവും വലിയ ഭീകരത.കഴിഞ്ഞ നാളുകളിൽ കോതമംഗലം സ്വദേശികൾ, യുവതികൾ ഉൾപ്പെടെ മാരക മയക്കുമരുന്നുകൾ ആയി പിടിക്കപെടുമ്പോൾ സംസ്ഥാനം ഒട്ടാകെ ഈ നാടിനെ സംബന്ധിച്ച് മോശമായ ഒരു അഭിപ്രായം ഉയർന്നു വരുന്നു. കേരളത്തിൽ വിദ്യാഭ്യാസ രംഗത്തും, സ്പോർട്സ് രംഗത്തും ഏറ്റവും മികച്ചത് എന്ന് നാളിതുവരെ അറിയപ്പെടുന്ന കോതമംഗലം നഗരം ഇന്ന് മയക്കുമരുന്നിന്റെ പേരിൽ കുപ്രിസിദ്ധമാകുന്നത് കൈയുംകെട്ടി നോക്കിയിരിക്കുവാൻ കോതമംഗലത്തെ പൗരാവലിക്ക് ആവുകയില്ല.
അതിനാൽ കോതമംഗലത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന കോതമംഗലം ജനകീയ കൂട്ടായ്മ നാട്ടിലെ ജനപ്രതിനിധികളെയും, പൊതുപ്രവർത്തകരെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും, പൊതുജനങ്ങളെയും വിളിച്ചു ചേർത്തുകൊണ്ട് ഓഗസ്റ്റ് 31 വൈകിട്ട് 5 മണിക്ക് YMCA ഹാളിൽ വച്ച് ചേരുന്ന പൊതുയോഗത്തിൽ കോതമംഗലത്ത് മയക്കുമരുന്ന് വിരുദ്ധ ജനകീയ ജാഗ്രതാ സമിതി രൂപീകരിക്കുന്നു. ഈ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിന് എതിരെ ബോധവൽകരണ ക്ലാസുകളും, കൗൺസിലിങ്ങും അതോടൊപ്പം ലഹരിക്ക് അടിമപ്പെട്ടവർക്ക് സൗജന്യ ചികിത്സയും, വിദഗ്ദ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. അതോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ കോളേജുകളിലും, സ്കൂളുകളിലും ബോധവൽകരണ ക്ലാസ്സുകളും, റാലികളും ഉൾപ്പെടെ ഉള്ള പ്രധിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
ഇത്തരം പ്രവർത്തനങ്ങളിലൂടെ യുവതലമുറയെ മയക്കു മരുന്നുകളിൽ നിന്ന് മോചിപ്പിക്കുന്നതിനോടൊപ്പം കോതമംഗലത്തെ മയക്കുമരുന്ന് രഹിത നഗരം ആക്കി മാറ്റുക എന്നുള്ളതാണ് കോതമംഗലം ജനകീയ കൂട്ടായ്മയുടെ ലക്ഷ്യം എന്ന് കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ,ബോബി ഉമ്മൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഈ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ റെയ്ഡുകളും, പട്രോളിംഗും നടത്തി കോതമംഗലത്തെ ലഹരിമുക്ത നഗരമാക്കുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.