കോതമംഗലം: കുട്ടമ്പുഴ മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ നടത്തിയ മനുഷ്യചങ്ങല, കപട സമരമാണന്ന് സിപിഐ എം കുട്ടമ്പുഴ ലോക്കൽ കമ്മിറ്റി ആരോപിച്ചു. മണികണ്ഠൻചാൽ നിവാസികളുടെ ചിരകാല സ്വപ്നമായ പാലം യാഥാർഥ്യമാക്കുന്നതിനുവേണ്ടി എൺപതു ശതമാനം നടപടികളും പൂർത്തിയായിരിക്കുകയാണ്. മണികണ്ഠൻചാൽ നിവാസികൾക്കുവേണ്ടി പുതിയ പാലം പണിയുന്നതിന് മുന്നോടിയായി വനം വകുപ്പിന്റെ അനുമതിയോടെ സോയിൽ ഇൻവെസ്റ്റിഗോഷൻ പ്രവൃത്തി പൂർത്തീകരിക്കുകയും, റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗത്തിന് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഡേറ്റീവ് ജനറൽ അറേജ്മെന്റ് ഡ്രോയിംഗ് ലഭ്യമായിട്ടുണ്ട്.
പാലവും അപ്രോച്ച് റോഡും റിസർവ് ഫോറസ്റ്റിൽ ഉൾപ്പെട്ടതിനാൽ നിർമ്മാണത്തിനായി കേന്ദ്ര വനസംരക്ഷണ നിയമം1980 പ്രകാരം കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. അനുമതിക്കായി ബന്ധപ്പെട്ട പോർട്ടൽ വഴി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എക്സി. എൻജിനീയർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് കുട്ടമ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അലൈൻമെന്റിൽ ഉൾപ്പെടുന്ന മരങ്ങൾ മാർക്ക് ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമായാൽ മാത്രമേ നിർമ്മാണം സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളു. ഇത് മനസിലാക്കിയാണ് കപട സമരം നടത്തി ജന ശ്രദ്ധ ആകർഷിക്കാൻ എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം രംഗത്ത് വന്നിരിക്കുന്നത് . പാലം ഉടൻ നടപ്പിലാകും എന്ന ഘട്ടം വന്നപ്പോൾ എൻ്റെ നാട് സമരം ചെയ്തിട്ടാണ് പാലം വന്നത് എന്ന് വരുത്തി തീർക്കാൻ എട്ടുകാലി മമ്മൂഞ്ഞിൻ്റെ വീര വാദം സ്വീകരിക്കുകയാണന്നും , ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും, പുഛിച്ചു തള്ളുമെന്നും സെക്രട്ടറി കെ ടി പൊന്നച്ചൻ്റെ അധ്യക്ഷതയിൽ കൂടിയ സിപിഐ(എം) കുട്ടമ്പുഴ ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.