കോതമംഗലം: കൊടുങ്കാറ്റില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കോതമംഗലത്തും പരിസരപ്രദേശങ്ങളിലുമായി ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ ഏകദേശം 10 കോടിയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തിയിട്ടുണ്ട്.
കോതമംഗലം നഗരസഭ പരിധിയിലും, കോട്ടപ്പടി , കീരമ്പാറ, പിണ്ടി മന കുട്ടമ്പുഴ , നെല്ലിക്കുഴി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുമാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും 60 ഓളം വീടുകള്‍ ഭാഗീകമായും തകര്‍ന്നു. കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായി. നിരവധി മരങ്ങളും വൈദ്യുതി ലൈനുകളും നിലംപൊത്തി. റബ്ബര്‍, കവുക്, തെങ്ങ്, ജാതി, കൊക്കോ, വാഴ, റമ്പൂട്ടാന്‍ തുടങ്ങിയ കാര്‍ഷിക വിളകളാണ് അധികവും നശിച്ചത്. ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തിര സാഹചര്യം പരിഗണിച്ച് ഉടൻ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു.