ലടുക്ക കുട്ടമ്പുഴ
കുട്ടമ്പുഴ : കുട്ടമ്പുഴ പൂയംകുട്ടി മേഖലകളിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്ന കെഎസ്ആർടിസിയുടെ വോൾവോ ബസ് പാലത്തിലൂടെ കടന്ന് പോകുന്നത് നിരവധി പ്രാവശ്യത്തെ ഡ്രൈവറുടെ പരിശ്രമത്തിന് ശേഷം മാത്രമാണ്. വോൾവോ ബസിന് മറ്റ് റൂട്ട് സർവീസ് ബസുകളെ അപേക്ഷിച്ചു നീളം കൂടുതൽ ഉള്ളതിനാൽ പാലത്തിന്റെ ഇരുവശത്തും മുട്ടാതെ നേർരേഖയിൽ കടന്നുപോകുവാൻ വേണ്ടി സമയം പാഴാക്കേണ്ട അവസ്ഥയാണുള്ളത്. പാലത്തിന്റെ ഇരുവശങ്ങളിലും വീതി കൂടുകയാണെങ്കിൽ കെഎസ്ആർടിസിയുടെ വോൾവോ ബസ്സുകൾക്ക് പൂയംകുട്ടിയിലേക്ക് ആശങ്ക കൂടാതെ സർവീസുകൾ നടത്താവുന്നതാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള വീതി കുറവായതുകൊണ്ടാണ് കുട്ടമ്പുഴയിലേക്ക് വോൾവോ ബസുകൾ സർവീസുകൾ നടത്താത്തത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
വിനോദ സഞ്ചാരികളുമായി വരുന്ന ടൂറിസ്റ്റ് ബസുകൾക്കും ഈ പാലത്തിൽ തിരിയുവാൻ വളരെ ബുദ്ധിമുട്ടാണ്. വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച കുട്ടമ്പുഴയുടെ വിനോദ സഞ്ചാര മേഖലക്ക് വിലങ്ങുതടിയായി മാറിയിരിക്കുന്ന ഈ പാലം അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.