കോതമംഗലം: കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ നോമ്പനുഷ്ഠിച്ച് വരികയാണ് പല്ലാരിമംഗലം പഞ്ചായത്തംഗമായ എ.എ.രമണൻ. കൊച്ചിൻ ഡിസ്റ്റ്ട്രിബ്യൂട്ടേഴ്സ് എന്ന വിതരണ കമ്പനിയിൽ ജോലി നോക്കുന്നതിനിടെ നിസാർ നരിപ്പറ്റ എന്ന സുഹൃത്തിൻ്റെ പ്രേരണയിലാണ് ആദ്യ നോമ്പിൻ്റെ തുടക്കം. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ നിസാർ ചോദിച്ചു എങ്ങനെയുണ്ട് എന്ന് ശീലമില്ലാത്തത് കൊണ്ട് വളരെ ബുദ്ധിമുട്ട് എന്ന് പറയുകയും ചെയ്തു. പിന്നിടുള്ള വർഷങ്ങളിൽ റമദാൻ മാസത്തിലെ എല്ലാ നോമ്പും പിടിക്കുന്ന ശീലം തുടരുകയും ചെയ്യുന്നു.കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം രണ്ട് നോമ്പ് നഷ്ടപ്പെട്ടതായിട്ടുള്ളു ഇതിനിടയിൽ.വിശപ്പും ദാഹവും എന്തെന്ന് മനസിലാക്കാൻ ഏറെ പ്രയോജനപ്രദമാണ് നോമ്പ് നൽകിയ പാഠം. അതിലുപരി ആത്മനിയന്ത്രണത്തിൻ്റെയും ക്ഷമയും പ്രധാനം ചെയ്യുകയും ശരിരത്തിനും മനസിനും പുത്തൻ ഉണർവ് നൽകുകയും ചെയ്യും. നോമ്പ് കാലത്ത് രാത്രി മൂന്നരയോടെ ഭാര്യ മിനി എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്ത് നാലരയോടെ കഴിക്കാനായി വിളിച്ചുണർത്തും.
നോമ്പുതുറക്കുള്ള ഭക്ഷണവും നേരത്തെ തയ്യാറാക്കി ബാങ്ക് വിളിക്കായി കാത്തിരിക്കും. പല്ലാരിമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും പള്ളികളിൽ നടക്കുന്ന ഇഫ്ത്താറുകളിൽ പങ്കെടുക്കുകയും ചെയ്യും. പഞ്ചായത്ത് മെമ്പർമാരും സുഹൃത്തുക്കളുടെ വീടുകളിലും നോമ്പ് തുറയിൽ പങ്കെടുക്കും. വിഷു – ഓണം ആഘോഷങ്ങൾക്കിടയിലും തൻ്റെ നോമ്പിനെ ഭംഗം വരുത്താതെ തുടരുകയും ചെയ്യും.വാഹനങ്ങളുടെ എഞ്ചിൻ സർവീസ് ചെയ്യുന്നത് പോലെ മനുഷ്യ ശരിരത്തെ ശുചികരിക്കാൻ നോമ്പ് ഉപകാരപ്പെടുമെന്ന് രമണൻ പറഞ്ഞു.
പല്ലാരിമംഗലം പഞ്ചായത്ത് 13 വാർഡിനെ പ്രതിനിധികരിക്കുന്ന മെമ്പർ സി.പി.എം വള്ളക്കടവ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. രണ്ടാം തവണയാണ് മെമ്പറാകുന്നത്. അച്ഛൻ അയ്യപ്പൻ – അമ്മ കാർത്തിയാനി, മക്കൾ ആര്യ ലക്ഷ്മി, അനുപാർവ്വതി എന്നിവരടങ്ങുന്നതാണ് കുടുംബം.