കോതമംഗലം : ഇന്ധന സ്റ്റേഷനുകൾ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ പോലും സുലഭമാണ്, എന്നാൽ ചില വാഹനങ്ങൾ റോഡിൽ ഉപയോഗിക്കാൻ പറ്റാത്ത രീതിയിലുള്ളതാണ്. അങ്ങനെയുള്ള വാഹനങ്ങൾക്ക് അനുഗ്രഹമായിരിക്കുകയാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ കറുകടത്തെ കോൺസ്റ്റന്റ് പെട്രോളിയം ഔട്ട്ലെറ്റ് പുതിയതായി ആരംഭിച്ചിരിക്കുന്ന മൊബൈൽ ഡീസൽ ഡിസ്പെൻസർ സേവനം. വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതും ഡീസൽ ആവശ്യമുള്ളതുമായ യൂണിറ്റുകൾ, പാറമടകളിൽ പ്രവർത്തിക്കുന്ന ഹെവി ഡീസൽ വാഹനങ്ങൾ, ബാങ്കുകളിലെ ജെനറേറ്ററുകൾ, റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത ഹെവി ഡീസൽ മെഷീനുകൾ , പ്രൈവറ്റ് ജെനെറേറ്റർ യൂണിറ്റുകൾ തുടങ്ങിയവക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഇന്ധനം നിറക്കുവാനായി ചെറുകിട യൂണിറ്റുകളും ഇത് കൊണ്ടുവരാൻ സാധാരണയായി അധിക ദൂരം സഞ്ചരിച്ചു ഇന്ധനം നിറക്കേണ്ട ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ട്, ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചു എല്ലാ മുക്കിലും മൂലയിലും എത്തിച്ചേരാൻ കഴിയുന്ന മൊബൈൽ ഡീസൽ ഡിസ്പെൻസറാണ് കറുകടത്തെ കോൺസ്റ്റന്റ് പെട്രോളിയംഒരുക്കിയിരിക്കുന്നത്. ഡോർസ്റ്റെപ്പ് ഡീസൽ ഡെലിവറിക്ക് പെട്രോളിയം മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഡീസൽ ഫലപ്രദമായി വിതരണം ചെയ്യുന്നതിനുള്ള ഒരു പുതിയ ആശയമാണ് ഇപ്പോൾ കോതമംഗലത്തും തുടങ്ങിയിരിക്കുന്നത്. കാർഷിക മേഖല, ആശുപത്രികൾ, ഹൗസിംഗ് സൊസൈറ്റികൾ, ഹെവി മെഷിനറി സൗകര്യങ്ങൾ, മൊബൈൽ ടവറുകൾ തുടങ്ങി നിരവധി വ്യവസായ യൂണിറ്റുകൾക്ക് ഇന്ധനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി അധികാരികൾ വെളിപ്പെടുത്തി.
കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ മൊബൈൽ ഡീസൽ ഡിസ്പെൻസർ സേവനം ലഭിക്കുന്നത്. 6000 ലിറ്റർ ഡീസൽ സംഭരണ ശേഷിയുള്ള വാഹനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. പ്രൈവറ്റ് വാഹനങ്ങൾ, പമ്പുകളിൽ സുഗമമായി എത്തി ഇന്ധനം നിറക്കാൻ ശേഷിയുള്ള വാഹനങ്ങൾക്കൊന്നും ഈ സേവനം ലഭ്യമല്ല. കൂടുതൽ വിവരങ്ങൾക്ക് : 7034009247