കോതമംഗലം: കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്ക്കൂളിലെ എസ് എസ് എൽ സി പരീക്ഷയിൽ Full A+ നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അനുമോദന യോഗം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റ യശസ്സ് വാനോളം ഉയർത്തി എറണാകുളം റവന്യൂ ജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാർത്ഥിനികൾ സ്ക്കൂളിൻ്റെ ചരിത്രത്താളുകളിൽ റെക്കോഡ് വിജയം നേടിയ ഇവരുടെ പേരുകൾ സ്വർണ്ണലിപികളിൽ ആലേഖനം ചെയ്യപ്പെട്ടു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും തന്നെ ചാമ്പ്യൻമാരാകുന്ന ഒരു മാതൃക വിദ്യാലയമാണ് ഇത് എന്നും ഇവിടെ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യസം ഏറ്റവും മഹത്തരവും മൂല്യാധിഷ്ഠിതവുമാണെന്നും MLA അഭിപ്രായപ്പെട്ടു. ഈ 280 പെൺകരുത്തുകൾ ലോകത്തിനു തന്നെ മഹത് സംഭാവനകൾ പ്രദാനം ചെയ്യാൻ പര്യാപ്തമാണെന്നും ആശംസിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റിസാറാണി സ്വാഗതവും ഡെപ്യൂട്ടി എച്ച് എം സി ജൂലി കൃതജ്ഞതയും പറഞ്ഞു. ലോക്കൽ മാനേജർ സിസ്റ്റർ ഗ്ലോറി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,എഡ്യൂക്കേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്, വാർഡ് കൗൺസിലർ കെ വി തോമസ്,പ്രിൻസിപ്പൽ സിസ്റ്റർ ട്രീസാ ജോസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് കോവിഡ് ബോധവത്ക്കരണ ആവിഷ്ക്കാരത്തിന് “ദേശപെരുമ” പുരസക്കാരത്തിന് അർഹനായ ഇവിടുത്തെ എട്ടാംക്ലാസ്സ് വിദ്യാർത്ഥിനി അക്ഷരയുടെ പിതാവ് സിജു പുന്നേക്കാടിനെ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി പൊന്നാടയണിയിച്ച് ആദരിച്ചു.
“മഴത്താളങ്ങൾ മുറുകുമ്പോൾ ” എന്ന കവിത സമാഹാരത്തിൻ്റെ കർത്താവായ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും മാർ ബേസിൽ സ്ക്കൂളിലെ അധ്യാപികയുമായ ബിന്ദു വർഗീസ് ടീച്ചറിനെ ലോക്കൽ മാനേജർ സിസ്റ്റർ ഗ്ലോറി ആദരിച്ചു. അഹോരാത്രം തങ്ങൾക്കു വേണ്ടി അധ്വാനിച്ച അധ്യാപകർക്കും അനധ്യാപകർക്കും 94 വർഷം പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശിക്കും പ്രത്യേകമായ നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് വിദ്യാർത്ഥി പ്രതിനിധി കുമാരി സ്നേഹ പോൾ സംസാരിച്ചു.