- ജെറിൽ ജോസ് കോട്ടപ്പടി.
കോട്ടപ്പടി : കാട്ടാന, കാട്ടുപന്നി, പുലി, കോട്ടപ്പടിക്കാരുടേത് വന തുല്യമായ ജീവിതം. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില്‍ പുലിയിറങ്ങി വളർത്തു നായയെ കടിച്ചു കൊന്നു. ചൊവ്വാഴ്ച്ച രാത്രി കോഴിയെ കോഴിയെ പിടിച്ചത് പുലിയായിരിക്കുമോ എന്ന നാട്ടുകാരുടെ ആശങ്ക നിലനിൽക്കുമ്പോളാണ് ഇന്നലെ ബുധനാഴ്ച്ച രാത്രി പുലിയുടെ ആക്രമണത്തിൽ പട്ടി കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച്ച രാത്രി കോഴിയെ പിടിക്കൂടി പുലി ഓടിമറയുന്നത് പ്ലാമൂടി വീരോളി അജിയുടെ വീട്ടുകാര്‍ കണ്ടതോടെയാണ് പുലിയുടെ സാന്നിദ്ധ്യം നാട്ടുകാർ ഉറപ്പിച്ചത്. പുലിയുടെ കാല്‍പ്പാടുകളും പ്രദേശത്ത് കണ്ടെത്തിയിരുന്നു. എന്നാൽ വനം വകുപ്പ് അധികാരികൾ സ്ഥിതീകരിക്കാത്ത സ്ഥിതിക്ക് പുലിയാണ് എന്ന് ഉറപ്പിച്ചു പറയുവാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. കഴിഞ്ഞദിവസം മൂന്ന് കള്‍ഗങ്ങളെയും കണ്ണക്കടഭാഗത്ത് നായയേയും കൊന്നുതിന്നത് പുലിയാണെന്ന സംശയം നാട്ടുകാർ ഉന്നയിക്കുകയും ചെയ്തിരുന്നു.
രാത്രി നായ കുരക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അജി തങ്ങളുടെ കോഴിക്കൂട്ടിൽ നിന്നും കോഴിയെ പിടിച്ചുകൊണ്ട് ഓടിമറയുന്ന പുലിയെ കണ്ടത്. പുലിയുടെ കാൽപാടുകളും പ്രദേശത്ത് കണ്ടെത്തി. മുൻപും സമീപത്തുള്ള വീടുകളിൽ നിന്ന് വളർത്തു മൃഗങ്ങളെ പുലിപിടച്ചു കൊണ്ട് പോയിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. നേരത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളതായി അറിയാൻ കഴിയുന്നത്. കോട്ടപ്പാറ വനമേഖലയിൽ പുലിയുടെ സാന്നിദ്ധ്യം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിക്കുന്നുണ്ട്.
ഇന്നലെ ബുധനാഴ്ച്ച രാത്രി പത്ത് മണിയോടുകൂടി പ്ലാമൂടി സിജോയുടെ വീട്ടിലെ വളർത്തുനായയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പട്ടി കരയുന്ന ശബ്ദം കേട്ട് വീട്ടുകാരി വാതിൽ തുറന്ന് നോക്കിയപ്പോൾ പട്ടിയുടെ കഴുത്തിൽ പുലി പിടിച്ചിരിക്കുന്നതും, വലിച്ചു കൊണ്ടുപോകുവാൻ ശ്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടതെന്നും, ചങ്ങലയിൽ കെട്ടിയിട്ടിരുന്നത് മൂലം പുലിക്ക് വലിച്ചു കൊണ്ടുപോകാൻ സാധിക്കാതെ വരുകയും, വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് പുലി ഓടിമറയുകയുമായിരുന്നു. പുലിയുടെ ആക്രമണത്തിൽ വളർത്തുനായ തത്സമയം ജീവൻ വെടിയുകയും ചെയ്‌തു.
കാട്ടാനകളുടേയും കാട്ടുപന്നികളുടേയും ശല്യംമൂലം പൊറുതിമുട്ടിയ പ്ലാമുടിക്കാര്‍ക്ക് പുലിയേയും ഭയന്ന് ജീവിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന മനുഷ്യരുടേയും വളർത്തു മൃഗങ്ങളുടേയും സംരക്ഷണത്തിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പും കോട്ടപ്പടി പഞ്ചായത്തും അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നും ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന പുലിയെ പിടികൂടുവാനായി കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.