കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ഇന്ന് വൈകിട്ട് 4 മണിക്ക് കൊടി ഇറക്കുന്നതോടെ സമാപിക്കും. പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 336-മത് ഓർ മപെരുനാളാണ് ഇന്ന് സമാപിക്കുന്നത്. സെപ്റ്റംബർ 25 ന് കൊടി കയറിയത് മുതൽ ചെറിയ പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം ആയിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു പെരുന്നാൾ ക്രമീകരണങ്ങൾ നടത്തുന്നതിന് വിപുലമായ സജീകരണങ്ങൾ പള്ളിയിൽ ഏർപ്പെടുത്തിയിരുന്നു.
സമാപന ദിവസമായ ഇന്ന് (ഒക്ടോബർ 4 തിങ്കളാഴ്ച) ആദ്യത്തെ വി. കുർബാന ഫാ. വികാസ് വടക്കനും, രണ്ടാമത്തെ വി. കുർബാന ഫാ. ജിനോ കരിപക്കാട്ടും അർപ്പിച്ചു. മൂന്നാമത്തെ വി. കുർബാന ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും, അഭി. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപോലീത്ത യുടെ സഹ കാർമിക ത്വത്തിലും നടന്നു. ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപോലിത്ത സംബന്ധിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ഇന്നും ആന്റണി ജോൺ എം. എൽ. എ, ഡോ. മാത്യു കുഴൽനാടൻ എം. എൽ. എ. എന്നിവർ ഇന്നലെയും പള്ളിയിൽ വന്ന് പ്രാർത്ഥിച്ചു മടങ്ങി. പതിവുപോലെ ഗജവീരന്മാർ ബാവായുടെ കബറിടം വണങ്ങി. തൃക്കാരിയൂർ ശിവ നാരായണൻ എന്ന ആനയാണ് കബറിടം വണങ്ങാൻ എത്തിയത്. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപോലിത്ത, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,
വികാരി ഫാ. ജോസ് പരത്തുവയലിൽ, തന്നാണ്ടു ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ പഴവും, ശർക്കരയും നൽകി സ്വീകരിച്ചു. തുടർന്ന് ലേലം നടന്നു.
വൈകിട്ട് 4 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഇറക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വൈദ്യുതി ദീപാലങ്കാരം ഒക്ടോബർ 10 ഞായറാഴ്ച വരെ ഉണ്ടായിരിക്കും.