കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാമലകണ്ടം മേട്നപാറ കോളനിയിൽ നടന്ന ഓണാഘോഷം നിറങ്ങൾ നീരാടിയ ഉൽസവമായി. കോവിഡ് പ്രതിസന്ധി ഏറെ ബാധിച്ചത് ആദിവാസി സമൂഹത്തെയാണ്. ഓണാഘോഷം പോയിട്ട് നിത്യ ചിലവുകൾ പോലും നടത്താൻ നിർവാഹമില്ലാതിരിക്കുമ്പോഴാണ് കൈനിറയെ ഓണവിഭവങ്ങളും സമ്മാനങ്ങളുമായി എൻ്റെ നാട് കൂട്ടായ്മ ഊരിൽ എത്തിയത്.
കാട്ടുപാതകൾ താണ്ടി ഊരിലെത്തിയ എൻ്റെ നാട് സംഘത്തെ ആദിവാസി സമൂഹം പരമ്പരാഗത രീതിയിൽ, മുളം കൊട്ടയിൽ നിറച്ച കാട്ടുപൂക്കൾ നൽകി സ്വീകരിച്ചു.
ചെയർമാൻ ഷിബു തെക്കുംപുറം, ഊരിലെ മുതിർന്ന സ്ത്രീകളായ മീനാക്ഷി മണി, കാർത്യായനി രാമകൃഷ്ണൻ എന്നിവർ ചേർന്ന് ആഘോഷ വിളക്കിൽ അഗ്നി പകർന്നു.
നാടൻ പാട്ട്, പരമ്പരാഗത നൃത്തം, കുമ്മിയടി തുടങ്ങിയ കലാരൂപങ്ങൾ ഊരിലുള്ളവർ അവതരിപ്പിച്ചു. എല്ലാവർക്കും ഓണവിഭവങ്ങൾ നിറച്ച സമ്മാനം, വിദ്യാർഥികൾക്ക് മികവിനുള്ള അവാർഡ്, മൊബൈൽ ഫോണുകൾ എന്നിവ നൽകി. ആദിവാസികൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും കഴിഞ്ഞാണ് സംഘം കാടിറങ്ങിയത്.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കൈയൻ അധ്യക്ഷത വഹിച്ചു.
സി.കെ.സത്യൻ, കെ.എ. സിബി, സൽമ പരീത്, സി.ജെ.എൽദോസ്, ബേബി മൂലൻ, ജോഷി പൊട്ടയ്ക്കൽ, ഊര് മൂപ്പൻ രാജു മണി എന്നിവർ പ്രസംഗിച്ചു.