കോതമംഗലം : ആരോരും സംരക്ഷിക്കാൻ ഇല്ലാത്തവരുടെ സംരക്ഷകൻ ആകുകയാണ് പീസ് വാലി എന്ന കോതമംഗലം നെല്ലികുഴിയിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം. ആലുവ – മൂന്നാർ റോഡിൽ മാറമ്പിള്ളിയിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഉന്തുവണ്ടിയായിരുന്നു അബൂബക്കർ എന്ന വയോധികന്റെ ലോകം. കോരിച്ചൊരിയുന്ന മഴയത്തും അഞ്ച് അടി നീളം മാത്രമുള്ള ഉന്തുവണ്ടിയിൽ വളഞ്ഞു കൂടി കഴിയുന്ന അബൂബക്കറിന്റെ അവസ്ഥ ഒരു പറ്റം മനുഷ്യസ്നേഹികളാണ് കോതമംഗലം നെല്ലികുഴിയിലെ പീസ് വാലിയുടെ ശ്രദ്ധയിൽ പെടുത്തിയത്. പീസ് വാലിയിൽ ബെഡ് ഒഴിവാകുന്നതുവരെ മുടിക്കലിൽ താത്കാലിക താമസം ഒരുക്കിയിരുന്നു.
കഴിഞ്ഞ ദിവസം മരണപെട്ട ബീരാവുക്കയുടെ ബെഡിലേക്ക് ഇന്ന് അബൂബക്കർ എത്തി.ഇവിടെ അബൂബക്കറിന് എല്ലാവരുമുണ്ട്. റോഡരുകിൽ ഉപേക്ഷിക്കപ്പെട്ട ഉന്തുവണ്ടിയിലെ ജീവിതത്തിൽ നിന്ന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ലോകം സമ്മാനിക്കുകയാണ് പീസ് വാലി. നട്ടെല്ലിന് പരിക്കേറ്റവരും, പക്ഷാഘാതം ബാധിച്ചും ഒക്കെ ജീവിതത്തിൽ തളർന്നു പോയവർക്ക് ചികിത്സയോടൊപ്പം ആത്മവിശ്വാസം പകർന്ന് ചിറകടിച്ചു പറക്കാനും, മുന്നോട്ട് കുത്തിക്കാനുമൊക്ക പ്രേരണ നൽകുകയാണ് ഈ സമാദാനത്തിന്റെ താഴ്വര ഭൂമി.