- ദീപു ശാന്താറാം
കോതമംഗലം: കൊവിഡും ജീവിതപരാധീനതകളും മൂലം മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ രോഗിയായ മിമിക്രി കലാകാരൻ അതീജീവനത്തിൻ്റെ ഈ കാലയളവിൽ തളരാതെ ബൈബിൾ പകർത്തിയെഴുതി പ്രത്യാശയോടെ കാത്തിരിക്കുന്നു. കൊവിഡ് കാലം മാറി നിറയെ വേദികളുള്ള ഒരു നല്ല കാലം വരുമെന്ന ശുഭ പ്രതീക്ഷയിലാണ് മിമിക്രി കലാകാരൻ കലാഭവൻ ശശികൃഷ്ണ കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് രണ്ട് വർഷമായി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഈ കലാകാരൻ. ആത്മഹത്യ മുനമ്പിലെത്തിയ ശശി തൻ്റെ ജീവിതം ഈശ്വരനിൽ സമർപ്പിച്ച് ആദ്യം പഴയ നിയമവും ഇപ്പോൾ സമ്പൂർണ ബൈബിളും സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയാണ് നല്ലകാലം വരുമെന്ന പ്രത്യാശയിൽ കാത്തിരിക്കുന്നത്. കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് എഴുത്ത് തുടങ്ങിയത്.1596മണിക്കൂർ എടുത്താണ് സമ്പുർണ്ണ ബൈബിൾ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയത്.
സ്വന്തമായി സ്ഥലവും കിടപ്പാടവുമില്ലാതെ വാടക വീട്ടിൽ താമസിക്കുന്ന ശശിക്ക് സ്വന്തമായി ഒരു വീടും സ്‌ഥലവും തൊഴിലും ലഭിക്കണമെന്ന പ്രാർഥനയോടെയാണ് ബൈബിൾ അക്ഷരങ്ങൾ ഓരോന്നായി പകർത്തിയെഴുതിയത്. ബൈബിൾ തങ്കളം എം.സ്.ജി.ആർ പഞ്ഞിക്കാരൻ മെമ്മോറിയൽ ഹോളിസ്റ്റിക് ഹീലിംങ് സെൻ്ററിലെ ഡോക്ടർ സിസ്റ്റർ അഞ്ജിതക്കാണ് സമർപ്പിച്ചത്. അസുഖത്തിന് ചികിത്സക്കായാണ് ശശി ഡോക്ടർ സിസ്റ്റർ അഞ്ജിതയെ സമീപിച്ചത്.ജീവിതം മടുത്ത് നിരാശയിലായ തനിക്ക് ബൈബിൾ എഴുതാൻ പ്രചോദനം നൽകിയത് സിസ്റ്റർ അഞ്ജിതയാണ്.
32 വർഷകാലത്തോളം ആയിരകണക്കിന് പൊതുവേദികളിൽ കോമഡി സ്റ്റാറായിതിളങ്ങി നിന്ന ശശിക്ക് അഞ്ച് വർഷം മുമ്പുണ്ടായ വാഹനപകടത്തിലാണ് കാലിന് ഗുരുതരതകരാറ് സംഭവിച്ചത്. അതിനെ തുടർന്ന് മറ്റ് ജോലികൾ ചെയ്യാനും പറ്റാത്ത അവസ്ഥയിലായി. പരസഹായമില്ലാതെ ദൈന്യ ദിന കാര്യങ്ങൾ നിർവഹിക്കാനാവാത്ത അവസ്ഥയിൽ ഭാര്യക്കുണ്ടായിരുന്ന തൊഴിലും നഷ്ടപ്പെട്ടതോടെ അതുവഴിയുള്ള വരുമാനവും നിലച്ചു.കൊവിഡ് തൻ്റെ ഉപജീവന മാർഗമായ മിമിക്രി അവസരങ്ങളെയും തട്ടിതെറിപ്പിച്ചതോടെ വിദ്യാർഥികളായ രണ്ടു മക്കളുമായി ദുരിതകയത്തിലായിരിക്കുകയാണ് ഈ അതുല്യ കലാകാരൻ.