കുട്ടമ്പുഴ: ഈറ്റ ചോലയിൽ പണിയെടുക്കുന്ന ഈറ്റവെട്ട് തൊഴിലാളികൾ പട്ടിണിയിലേക്ക്. പരമ്പരാഗത തൊഴിൽ ചെയ്തു വരുന്ന നൂറുകണക്കിന് ഈറ്റവെട്ട് കുടുംബങ്ങളാണ് കഴിഞ്ഞ അഞ്ചു മാസമായി കൂലി ലഭിയ്ക്കാതെ കഷ്ടപ്പെടുന്നത്. കോവിഡ് വരുത്തിയ പ്രതിസന്ധി മറികടക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ തൊഴിലാളികൾ ദുരിതത്തിലായിരിക്കുന്നു. ബാംബൂ കോർപ്പറേഷനു വേണ്ടി വർഷങ്ങളായി പണിയെടുക്കുന്ന തൊഴിലാളികൾക്ക് അർഹമായ മറ്റൊരു ആനുകൂല്യവും കിട്ടുന്നില്ല. ടി.എ.കുടിശിഖയായിട്ടും വർഷം പലതു കഴിഞ്ഞു.
കിഴക്കൻ കാടുകളിൽ ഈറ്റവെട്ടിയും, പനമ്പു നെയ്തും ഉപജീവനം നടത്തിവരുന്നവരുടെ പ്രശ്നങ്ങൾ മാറി മാറി വരുന്ന സർക്കാരുകൾ അവഗണിക്കുകയാണ്. വർഷ കാലമെത്തിയതോടെ തൊഴിലാളികൾ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. കുടിശിഖയായിട്ടുള്ള കൂലി വിതരണം നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ ഈറ്റവെട്ടാനുള്ള അനുമതി വനം വകുപ്പു നൽകിയിട്ടില്ലന്ന വാദമാണ് ബാംബൂ കോർപ്പറേഷൻ ഉന്നയിക്കുന്നത്.