കോതമംഗലം : പഴയ ആലുവ മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നത് സംബന്ധിച്ചു ആന്റണി ജോൺ എം.എൽ.എ, പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകിയ കത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. കാര്യങ്ങൾ പരിശോധിക്കുവാനും നടപടികൾ കൈകൊള്ളുവാനുമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. കുട്ടമ്പുഴ , മാങ്കുളം ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും ടൂറിസം മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ് പഴയ രാജപാത.
ആലുവയിൽ നിന്നാരംഭിച്ച് കോതമംഗലം, ചേലാട്, ഊഞ്ഞാപ്പാറ, പുന്നേക്കാട്, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോളുനട, കുന്ത്രപ്പുഴ, കുഞ്ചിയാർ, പെരുന്പൻകുത്ത്, ആറാം മൈൽ,അന്പതാം മൈൽ, നല്ലതണ്ണി വഴി മുന്നാർ വരെ എത്തുന്ന രാജപാത. 1857-ൽ സർ ജോണ്‍ ദാനിയേൽ മണ്ട്രോ എന്ന ഇംഗ്ലീഷുകാരനാണ് ഇത് നിർമിച്ചത്. കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനിൽ നിന്നു 67 കിലോമീറ്റർ ദൂരമാണ് മൂന്നാറിൽ എത്താൻ ഈ രാജപാതയ്ക്കുള്ളത്.
യൂറോപ്യൻ പ്ലാന്റേഷൻ കമ്പനിയുടെ എസ്റ്റേറ്റുകളിലേക്ക് പുഴയുടെ തീരത്തുകൂടി നിർമിച്ച പാതയ്ക്ക് കയറ്റവും, വളവുകളും കാര്യമായി ഇല്ല. പാതയിലെ കലുങ്കുകളും പാലങ്ങളും ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചവയായിരുന്നു അവയെല്ലാം ഇപ്പോഴും നശിക്കാത്തതരത്തിൽ ഇവിടങ്ങളിൽ ഉണ്ട് . നിലവിലെ ആലുവ-മൂന്നാർ റോഡ് സ്ലോപ് ഉള്ളതും കയറ്റവും വളവുകളും ഉള്ളതാണ്, ഈ റോഡിനെക്കാൾ മികച്ചതും വളവുകളും കയറ്റങ്ങളും ഇല്ലാത്ത തികച്ചും സുരക്ഷിതമായ റോഡ് ആണ് പഴയ രാജ പാത.
ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ശാസ്ത്രീയമായ രാജപാത വഴി തട്ടേക്കാട് നിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ കുട്ടമ്പുഴ പൂയംകുട്ടി പെരുമ്പൻകുത്ത് നല്ലതണ്ണി വഴി മൂന്നാറിൽ എത്താം. കോതമംഗലം മൂന്നാർ വഴിയുടെ സമാന്തര പാതയായി ഇത് ഉപയോഗിച്ചാൽ കുട്ടമ്പുഴ പൂയംകുട്ടി മാങ്കുളം മേഖലകളുടെ വികസനത്തിലും വലിയ ഒരു നാഴികക്കല്ലായി മാറും. 1924 ഉണ്ടായ മഹാ പ്രളയത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മണ്ണിടിച്ചിലിൽ ചില ഭാഗങ്ങളിൽ ഭാഖികമായി ഒലിച്ചുപോയി അതിനെതുടർന്നാണ് ഈ വഴി ഉപയോഗയോഗ്യം അല്ലാതായി മാറിയത്. ടൂറിസം മന്ത്രികൂടിയായ മുഹമ്മദ് റിയാസിന്റെ ഇടപെടൽ പഴയ രാജപാതക്ക് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടമ്പുഴ നിവാസികൾ.