വാരപ്പെട്ടി : കോതമംഗലം വാഴക്കുളം റോഡിൽ വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. മൂന്ന് മാസം മുന്നേ ഈ വിഷയം മുൻനിർത്തി പ്രദേശ വാസികളും വാർഡ് മെമ്പറും പ്രതിഷേധവുമായെത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് അധികാരികൾ വന്ന് റോഡ് ടാർ ചെയ്യുന്നതിനുള്ള മിറ്റിലും ടാർ മിക്സിങ് യൂണിറ്റും സഹിതം റോഡ് സൈഡിൽ കൊണ്ടുവന്നിടുകയും ഉടൻ ടാർ ചെയ്യുമെന്ന് പറയുകയും ചെയ്തതല്ലാതെ ഇതേ വരെ റോഡ് നന്നാക്കിയിട്ടില്ല. കൊണ്ടുവന്നിട്ട ടാർ മിക്സിങ് യൂണിറ്റും സംവിധാനങ്ങളും കഴിഞ്ഞ ദിവസം തിരികെ കൊണ്ടുപോകുകയും ചെയ്തു. അധികാരികൾ തുടർന്നുകൊണ്ടിരിക്കുന്ന ഈ അനാസ്ഥക്കെതിരെ ബിജെപി പ്രവർത്തകർ സമരവുമായെത്തി റോഡിലെ കുഴികളിൽ തെങ്ങിൻ തൈയ്യും ചെടികളും നട്ട് പ്രതിഷേധിച്ചു.
നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിവസേന പോകുന്ന പ്രധാന റോഡാണിത്. റോഡിൽ ഉണ്ടായിട്ടുള്ള കുണ്ടിലും കുഴികളിലും വീണ് നിരവധി വാഹനങ്ങളാണ് നിത്യേന അപകടങ്ങളിൽപ്പെടുന്നത്. പ്രതിഷേധ സമരം ബിജെപി മണ്ഡലം വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ പ്രിയ സന്തോഷ് ഉത്‌ഘാടനം ചെയ്തു. പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡ് ഉടൻ ടാർ നവീകരിക്കണമെന്നും അനാസ്ഥ ഇനിയും തുടർന്നാൽ പൊതുമരാമത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി. അനന്ദു സജീവ്, ടി എസ് ദിപിൻ, ഗീതാ ഉണ്ണികൃഷ്ണൻ, എം എം അനീഷ്, രജിൻ അപ്പു, പി ടി സുനിൽ, കെ ഡി അരുൺ എന്നിവർ സമരത്തിന് നേതൃത്വം നൽകി.