കുട്ടമ്പുഴ : മാമലക്കണ്ടം, പന്തപ്ര നിവാസികളെ ഒറ്റപ്പെടുത്തികൊണ്ട് റോഡ് ഇടിഞ്ഞു. വാഹനങ്ങളും വഴിയാത്രക്കാരും പ്രതിസന്ധിയിലായി. മാമലക്കണ്ടം – പന്തപ്ര റോഡിലെ പാലത്തിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ വൻ ഗർത്തം രൂപപ്പെട്ടത്. 15 വർഷം മുൻപ് പഞ്ചായത്ത് നിർമ്മിച്ച കാട്ടികുളം പാലമാണ് അപകടത്തിലായിട്ടുള്ളത്. 10, 11, വാർഡുകളിലുള്ളവർക്ക് പഞ്ചായത്താസ്ഥാനത്തെത്താൻ ഈ കാട്ടുവഴിയിലെ പാലം വേണം. മഴയിൽ അപ്രോച്ച് റോഡ് ഇടിഞ്ഞു വലിയ ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതറിയാതെ മാമലക്കണ്ടത്തിൽ നിന്നും കൊവിഡ് രോഗിയുമായി എത്തിയ വാഹനം കടന്നു പോകാനാകാതെ വഴിയിൽ കുടുങ്ങുകയായിരുന്നു. വനത്തിൽ കുടുങ്ങിയ രോഗി മണിക്കൂറുകളോളം അപ്പുറത്തുനിന്നും ആംബുലൻസ് വരുന്നതും കാത്ത് കിടന്നു.
മാമലക്കണ്ടത്തെ ആറാട്ടി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെങ്കിലും മഴ ശക്തിപ്രാപിച്ചാൽ പാലം ഉൾപ്പെടെ തോട്ടിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പഞ്ചായത്തംഗം സൽമ പരീത്, സിനോജ്, ജയമനോജ് , മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി . പാലവും റോഡും പുനർ നിർമിക്കാൻ ജില്ലാ – ബ്ലോക്ക് പഞ്ചായത്തുകൾ ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം.