കോതമംഗലം : നാളെ തിങ്കളാഴ്ച്ച കോതമംഗലം മേഖലയിൽ കടകൾ തുറക്കില്ല. ലോക്ഡൗൺ മൂലം ദുരിതത്തിലായ വ്യാപാരികളോടുള്ള സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ മെഡിക്കൽ സ്റ്റോർ ഒഴിച്ചുള്ള മുഴുവൻ കടകളും അടച്ചിടുന്നതിന്റെ ഭാഗമായാണ് കോതമംഗലത്ത് കടകൾ അടച്ചിടുന്നത്. പണിമുടക്കിനോടനുബന്ധിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി , കോർപറേഷൻ ഓഫിസുകൾക്ക് മുന്നിലും യൂനിറ്റ് കേന്ദ്രങ്ങളിലും ധർണ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വിഭാഗം കടകളും പ്രവർത്തിക്കാൻ അനുവദിക്കുക, പൊലീസും സെക്ടർ മജിസ്ട്രേറ്റുമാരും വ്യാപാരികളെ പീഡിപ്പിക്കുന്നതും പിഴ ചുമത്തുന്നതും അവസാനിപ്പിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുക, ലോക്ഡൗൺ സമയത്ത് ഓൺലൈൻ വ്യാപാരം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
