കോതമംഗലം : ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 50 ശതമാനത്തിലേറെ പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 91 പേരേ പരിശോധിച്ചതിൽ 50 പേർക്ക് കോവിഡ് പോസ്റ്റിവ് ആയി. 95 കുടുംബങ്ങളിലായി 250 ൽ പരം ആളുകളാണ് ഈ കുടിയിലുള്ളത്.10 ദിവസങ്ങൾക്ക് മുമ്പ് തേര കുടിയിൽ നടത്തിയ പരിശോധനയിൽ സമാന രീതിയിൽ രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. 26 കുടുംബങ്ങളിലായി 110 ആളുകൾ മാത്രമുള്ള ഇവിടെ 96 പേരെ പരിശോധിച്ചതിൽ 43 പേർ അസുഖ ബാധിതരായതായി കണ്ടെത്തുകയായിരുന്നു. പകുതിയിലേറെ പേർ രോഗമുക്തി നേടി വരുന്നതിനിടയിലാണ് കുഞ്ചിപ്പാറയിൽ രോഗം വ്യാപിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
കുട്ടമ്പുഴ വില്ലേജിലെ കുഞ്ചിപ്പാറ ആദിവാസി കുടിയിൽ ഇന്നലെ നടന്ന കോവിഡ് പരിശോധനയിൽ ഉയർന്ന നിരക്കിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണ്ടതിനെ തുടർന്ന് രോഗികളെ സമീപ ഡി.സി.സി കളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിരുന്നു. ആദിവാസി ഊരിൽ നിന്ന് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗബാധിതരെ ഇന്ന് രാവിലെ മുതൽ കുട്ടമ്പുഴ, കീരംപാറ DCC കളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. കോതമംഗലം തഹസിൽദാരുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത് ,ആരോഗ്യം, വനം,പോലീസ്, ട്രൈബൽ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം നടത്തുന്നത്.
ഡെപൂട്ടി തഹസിൽദാർമാർ,വില്ലേജ്ആഫിസർ,ഉൾപ്പെടെ 10അംഗ റവന്യു സ്പെഷ്യൽ സ്ക്വാഡ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ബ്ലാവന കടവിൽ നിന്നും ജങ്കാർ കടന്നു ദുർഘടമായ വന പാതയിലൂടെ എട്ടു കിലോമീറ്ററിലധികം യാത്ര ചെയ്തു വേണം കുടിയിലെത്താൻ. ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പോസിറ്റീവ് ആയവരെ വാഹനത്തിൽ കൊണ്ടുവരുന്നത്. തുടർന്ന് ബ്ലാവന കടവിൽ ആംബുലൻസ് എത്തിച്ചു DCC /CFLTC കളിലേക്ക് മാറ്റുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ഇതിനോടകം 48 പേരെ മാറ്റി.