കോതമംഗലം : മരിക്കാത്ത ഗായികയെ മരിച്ചു എന്നാക്കി വീണ്ടും സമൂഹ മാധ്യമം ഇന്നലെ ആഘോഷിച്ചു. സോഷ്യല്‍ മീഡിയ വധത്തിൻെറ ഇരയായി വീണ്ടും പ്രശസ്ത ഗായിക എസ്. ജാനകി ഇന്നലെ മാറി . 2016 മുതൽ ഇടയ്ക്കിടെ പ്രചരിക്കുന്നതാണ് ഗായിക എസ് ജാനകി മരണപ്പെട്ടു എന്നത്. മലയാളസിനിമയിലെ പല നടന്മാരെയും ഒന്നിലേറെ തവണ സോഷ്യല്‍ മീഡിയ വധിച്ചിട്ടുണ്ട്. സംഗീതജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ച വേളയിലാണ് ചിലര്‍ അവര്‍ മരിച്ചതായി വാര്‍ത്ത പ്രചരിപ്പിച്ചത്. 2016ൽ 78മത്തെ വയസില്‍ താന്‍ വിരമിക്കുകയാണെന്നാണ് ജാനകി പ്രഖ്യാപിച്ചത്. അപ്പോൾ തന്നെ എസ് ജാനകി അന്തരിച്ചു’വെന്ന വാര്‍ത്ത ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിച്ച് തുടങ്ങി. ചില പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും ബ്രേക്കിംഗ് ന്യൂസായി ഇത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളോടൊപ്പമാണ് വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടത്. ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് വ്യാജവാര്‍ത്തയ്‌ക്കെതിരേ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യനും രംഗത്തെത്തിയിരുന്നു.
ജാനകിയോട് അല്‍പം മുന്‍പ് സംസാരിച്ചിരുന്നെന്നും അവര്‍ പൂര്‍വ്വാധികം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം അന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. 2018 ൽ വീണ്ടും ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചപ്പോൾ, അവർക്തെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ കേരള ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. എസ് ജാനകി അന്തരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നൽകിയ പരാതിയിലായിരുന്നു നടപടി.
കഴിഞ്ഞവർഷവും ഇതുപോലെ വ്യാജവാർത്ത പ്രചരിക്കുകയുണ്ടായി. ഇന്നലെ വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിലൂടെ വീണ്ടും ഈ വ്യാജവാർത്ത പ്രചരിക്കുകയാണ്.മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന, ദേശീയ അവാർഡുകൾ നിരവധി തവണ നേടിയിട്ടുള്ള,
രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച 82 വയസുള്ള മരിക്കാത്ത എസ് ജാനകിയെ സോഷ്യൽ മീഡിയ നിരവധി തവണയാണ് ഇപ്പോൾ വധിച്ചത് .