കോതമംഗലം: നിർജീവമായ എൻ ഡി എ നേതൃത്വവും പരസ്പരം പോരടിക്കുന്ന ബി ജെ പി നേതാക്കളും കോതമംഗലത്ത് ബി ജെ പി അണികൾ നിസഹായവസ്ഥയിൽ . നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ആളനക്കമില്ലാത്ത സ്ഥിതിയാണ് ബി ജെ പി ക്യാമ്പ് . ബി.ജെ.പി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയിൽ നില നിന്ന വിഭാഗീയതയാണ് അണികൾ നിർജീവമാകാൻ കാരണമായതെന്ന് ഒരു വിഭാഗം പറയുന്നു. ഇതിനിടെ നിലവിലുള്ള ബി ജെ പി നിയോജക മണ്ഡലം നേതൃത്വവുമായി ഭിന്നതയിലായിരുന്ന ആദ്യ കാല നേതാക്കൾ ചേർന്ന് സമാന്തരമായി പുതിയ സംഘടന രൂപീകരിച്ചു പ്രവർത്തിക്കുന്നതായും അണികൾ ആരോപിക്കുന്നു. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ജനകീയ വികസന സമിതി എന്ന സംഘടന രൂപീകരിച്ചാണ് ഇവർ പ്രവത്തിക്കുന്നത്. ഗ്രൂപ്പ് പോര് രൂക്ഷമായതോടെ നിയോജക മണ്ഡലം കമ്മറ്റിയിലും മറ്റ് ഉന്നത സമിതികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ ചേർന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വികസന സമിതി എന്ന പേരിൽ സംഘടിച്ചത്. നിയോജക മണ്ഡലത്തിലെ ബി ജെ പി സ്വാധീനമേഖലകളിൽ തങ്ങൾ നിർണായക ശക്തിയാണെന്നാണ് ജനകീയ വികസന സമതിക്ക് നേതൃത്വം നൽകുന്നവരുടെ അവകാശവാദം.
കോതമംഗലം നിയോജക മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങൾ, വികസന കാര്യങ്ങൾ, മറ്റ് പൊതുവായ പ്രശ്നങ്ങൾ, എന്നീ കാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിന്നും ,ജനകീയ പ്രശ്നങ്ങളിൽ സാധാരണ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് ഇവർ പരസ്യമായി പ്രഖ്യാപിക്കുന്നത്. എന്നാൽ അസംതൃപ്തരായ ബി ജെ പി അണികളെ യോജിപ്പിച്ചു നിർത്താനും ഞങ്ങളാണ് യഥാർത്ഥ ബിജെപിക്കാരെന്നു ജില്ലാ – സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്താനുമാണ് ഇവർ ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ ബി ജെ പി അനുഭാവികളെയും പ്രവർത്തകരെയും മാത്രമാണ് സംഘടനയിൽ അംഗങ്ങളാക്കിയിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി കോതമംഗലത്ത് ദയനീയ സ്ഥിതിയായ സാഹചര്യം ഭിന്നിച്ചു നിൽക്കുന്നവർ നേതൃത്വത്തെ ധരിപ്പിച്ചതായും ഇവർ അവകാശപ്പെടുന്നു. സ്ഥിതി ഗതികൾ മനസിലായ നേതൃത്വം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ
നയിക്കുന്ന വിജയ് യാത്ര സമാപിച്ച ശേഷം അസംതൃപ്ത രുമായി ചർച്ച ചെയ്ത് പ്രശ്നനങ്ങൾ പരിഹരിക്കു മെന്നാണ് ഒടുവിലത്തെ വിവരം. നിലവിലുള്ള സ്ഥിതി തുടർന്നാൽ കോതമംഗലത്ത് വെറും കടലാസ് സംഘടനയായി പാർട്ടി മാറുമെന്ന് നേതൃത്വത്തെ വിമത വിഭാഗം അറിയിച്ചിട്ടുണ്ട്.
എൻ ഡി എ ഘടക കക്ഷിയായ ബി ഡി ജെ എസ് കോതമംഗലത്ത് നിർജീവമാണ്. ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് , 5 വൈസ് പ്രസിഡന്റുമാർ , 5 സെക്രട്ടറിമാർ അടക്കമുള്ള കമ്മറ്റിയാണെങ്കിലും എൻ ഡി എ സംഘടിപ്പിച്ച പരിപാടികളൊന്നും സമീപ കാലത്ത് കോതമംഗലത്ത് നടന്നിട്ടില്ലെന്നത് അനുഭാവികൾ തന്നെ ചൂണ്ടി കാട്ടുന്നു. കഴിഞ്ഞ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിലെ പി. സി തോമസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച പി .സി സിറിയക് 12926 വോട്ട് നേടിയിരുന്നു. 10.06 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. ഇത്തവണ ബി ജെ പി സ്ഥാനാർത്ഥി മത്‌സരിക്കുമെന്നാണ് വിവരം. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി.പി സജീവ്,അടുത്തിടെ പാർട്ടിയിൽ ചേർന്ന ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കെ .പി വിത്സൺ എന്നിവരുടെ പേരുകളാണ് നേതൃ ത്വത്തിനു മുന്നിലുള്ളത്. ഇതിൽ സംസ്ഥാന, ജില്ലാ നേതൃത്വവും തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്ന ആർ എസ് എസിനു താൽപര്യമുള്ളയാൾ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന ലഭിക്കുന്നത്.