കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിർമ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ അധ്യക്ഷത വഹിച്ച ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുകയും 12 പേരിൽ നിന്നായി 87.5 സെന്റ് സ്ഥലം ഏറ്റെടുക്കുകയും ഭൂമി ഏറ്റെടുത്തവർക്കായി 2.5 കോടി രൂപ കൈമാറിയിരുന്നു. മിനി സിവിൽ സ്റ്റേഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ 31.5 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഹൈക്കോടതിയിൽ നില നിന്നിരുന്ന സ്റ്റേ ഹൈക്കോടതിയിൽ നടത്തിയ ഇടപെടലിനെ തുടർന്ന് കേസ് തീർപ്പാക്കുകയും സ്റ്റേ ഒഴിവാക്കി പ്രസ്തുത സ്ഥലം കൂടി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാണ് സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.
2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപയാണ് ബൈപാസ് നിർമ്മാണത്തിന് വേണ്ടി അനുവദിച്ചിരുന്നത്. സംസ്ഥാന പാതയായ ആലുവ – മൂന്നാർ റോഡിൽ തങ്കളം ലോറി സ്റ്റാന്റിൽ നിന്നും ആരംഭിച്ച് കൊച്ചി – മധുര – ധനുഷ് കോടി ദേശീയപാതയിലെ കോഴിപ്പിള്ളി ജംഗ്ഷനിൽ അവാസാനിക്കുന്ന ബൈപ്പാസ് റോഡിന്റെ ദൂരം 3 കിലോമീറ്ററാണ്. 15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് 7.5 മീറ്റർ വീതിയിൽ GSB, WMM എന്നിവ വിരിച്ച് ആധുനിക ബി എം ബി സി നിലവാരത്തിലാണ് ബൈപാസ് നിർമ്മിക്കുന്നത്. അതോടൊപ്പം റോഡിന്റെ സംരക്ഷണത്തിനാവശ്യമായ സംരക്ഷണ ഭിത്തികളും,കാനകളും, കലുങ്കുകളും നിർമ്മിക്കും.കൂടാതെ സൈൻ ബോർഡുകൾ അടക്കമുള്ള എല്ലാ റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്.
കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതും നഗരത്തിന്റെ വികസനക്കുതിപ്പിന് കരുത്ത് പകരുന്നതുമായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് ഏറെ പ്രതിസന്ധികൾ മറികടന്ന് യാഥാർത്ഥ്യമാക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് എം എൽ എ പറഞ്ഞു. ചടങ്ങിൽ മുൻ മന്ത്രി റ്റി യു കുരുവിള,മുനിസിപ്പൽ വൈസ് ചെയർ പേഴ്‌സൺ സിന്ധു ഗണേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മജീദ്, മിനി ഗോപി,വി സി ചാക്കോ,ഖദീജ മുഹമ്മദ്,പി കെ ചന്ദ്രശേഖരൻ നായർ,ജെസ്സി സാജു,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി,റഷീദ സലീം,റാണിക്കുട്ടി ജോർജ്ജ്,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ്ജ്,
കൗൺസിലർമാർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ അനിൽകുമാർ(സി പി ഐ എം), എം ആർ വിനയൻ(സി പി ഐ), എം എസ് എൽദോസ് (കോൺഗ്രസ്(ഐ)),മനോജ് ഇഞ്ചൂർ(ബി ജെ പി),പി എം മൈതീൻ(മുസ്ലീം ലീഗ്),മനോജ് ഗോപി(ജനതാദൾ),എൻ സി ചെറിയാൻ(കേരള കോൺഗ്രസ്), എ റ്റി പൗലോസ്(കേരള കോൺഗ്രസ്), എ പി മുഹമ്മദ്(കോൺഗ്രസ് എസ്), ഷാജി പീച്ചക്കര(കേരള കോൺഗ്രസ്(സ്ക്കറിയ)),
ബേബി പൗലോസ്(കേരള കോൺഗ്രസ്(ബി)),ടി പി തമ്പാൻ(എൻ സി പി),ഇ എം മൈക്കിൾ(കേരള കോൺഗ്രസ് ജേക്കബ്),മുവാറ്റുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ നിരത്ത് വിഭാഗം റെജീന ബീവി,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിരത്ത് ഉപ വിഭാഗം ഷാജീവ് എസ്,
അസിസ്റ്റന്റ് എഞ്ചിനീയർ റോഡ്‌സ് പ്രിൻസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.