കുട്ടമ്പുഴ: കഴിഞ്ഞ കുറേക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന മണികണ്ഠൻചാൽ പാലത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. എന്നാൽ തൊട്ടടുത്ത ബ്ളാവന പാലത്തിനും ബംഗ്ലാവും കടവ് പാലത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണികണ്ഠംചാൽ പാലത്തിന്റെ പുനർനിർമ്മാണം ഇവിടെ വലിയ ചർച്ചയായിരുന്നു. ഇടതുപക്ഷവും കർഷക കൂട്ടായ്മയും മണികണ്ഠൻ ചാൽ പാലത്തിന്റെ പുനർനിർമ്മാണം എന്ന ആശയവുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മണികണ്ഠൻചാലിൻ്റെ ഏറ്റവും വലിയ ആവശ്യവും ഇതുതന്നെയായിരുന്നു.ഭരണകക്ഷിയായ സിപിഐയിലെ സ്ഥാനാർഥി വൻ വിജയം നേടുകയും ചെയ്തതോടുകൂടി പാലം ഉറപ്പ് എന്ന പ്രതീക്ഷയിലായിരുന്നു ഇവിടുത്തുകാർ.
ഇതിനകം തന്നെ മനുഷ്യാവകാശ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ എന്നിവയുടെ വിധി ഉള്ള സാഹചര്യത്തിൽ ഈ ബജറ്റിൽ മണികണ്ഠൻചാൽ പാലത്തിനായി ഫണ്ട് വകയിരുത്തും എന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഒരു ടോക്കൺ പോലും അനുവദിച്ചിട്ടില്ല എന്നതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
കുട്ടമ്പുഴ പഞ്ചായത്തിലെ തന്നെ ബംഗ്ലാവ് കടവ് പാലത്തിന് 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടി യു കുരുവിള കോതമംഗലം എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ കുട്ടമ്പുഴയും വടാട്ടുപാറയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കയം പാലം കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ എൽഡിഎഫ് ഇതിന് എതിരായിരുന്നു. ടി യു കുരുവിളയുടെ റിസോർട്ടിന് സമീപത്തുകൂടെ പാലം കൊണ്ടുവരുവാനുള്ള ശ്രമമാണെന്ന് ആരോപണം ഉയർത്തുകയും ചെയ്തിരിക്കുന്നു. തുടർന്നാണ് എൽഡിഎഫ് മുൻകൈയെടുത്ത് ബംഗ്ലാവും കടവ് പാലം എന്ന ആശയം ഉയർത്തിക്കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ വനംവകുപ്പ് എതിരായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ ഇടതുപക്ഷ തരംഗം ആഞ്ഞടിച്ചപ്പോഴും ഇടതു കോട്ടയായ കുട്ടമ്പുഴ എൽഡിഎഫിലെ കൈവിട്ടു. റവന്യൂ,വനം വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ നേതാക്കന്മാരുടെ ധാർഷ്ട്യമാണ് ഈ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം എന്നാണ് പൊതുവേയള്ള വിലയിരുത്തൽ. വടാട്ടുപാറയിലെ അഞ്ചു സീറ്റും യുഡിഎഫ് പിടിച്ചടക്കിയിരുന്നു. രണ്ട് സീറ്റ് എങ്കിലും കിട്ടിയിരുന്നെങ്കിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമായിരുന്നു.
ഈ പ്രദേശങ്ങളിൽ എൽഡിഎഫിന് ഒരു തിരിച്ചുവരവ് ഉണ്ടാകണമെങ്കിൽ കുട്ടമ്പുഴയെയും വടാട്ടുപാറയെയും ബന്ധിപ്പിക്കുന്ന ബംഗ്ലാവും കടവ് പാലം വന്നേ പറ്റൂ. അതുകൊണ്ടുതന്നെ ബഡ്ജ്റിൽ തുകയും വകയിരുത്തി.
കല്ലേലിമേട്, കുഞ്ചിപാറ, തലവെച്ച്പപാറ ഭാഗത്തേക്ക് പോകുന്ന ബ്ലാവന കടവ് പാലത്തിന് 10 കോടി ബഡ്ജറ്റ് വകയിരുത്തി. കുട്ടമ്പുഴ പ്രദേശത്തെ ശ്രദ്ധേയ ജനമുന്നേറ്റമാ യ ജനസംരക്ഷണ സമിതി കൊടുത്ത കേസിനെ തുടർന്ന് പാലം നിർമ്മിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 10കോടി ബഡ്ജറ്റ് വകയിരുത്തിയിട്ടുണ്ട് . അഞ്ചു വർഷമായി ജനസംരക്ഷണ സമിതി നടത്തുന്ന നിയമ പോരാട്ടങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ബഡ്ജറ്റിലെ ഈ തുക. ഒരു മാസം മുൻപ് കോടതി നിർദേശത്തെ തുടർന്ന് തുടർന്ന് പിഡബ്ല്യുഡി കേന്ദ്ര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെൻറിൻറെ പരിഗണനയിൽ ഇരിക്കുന്ന ഈ വിഷയത്തിൽ തുക അനുവദിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ജനസംരക്ഷണ സമിതി അറിയിച്ചു. കോതമംഗലം എം എൽ എ യെയും സർക്കാരിനെയും അഭിനന്ദിക്കുന്നു എന്നും ജന സംരക്ഷണ സമിതി അറിയിച്ചു.
ബ്ലാവനയിൽ പണി ആരംഭിച്ചു കഴിഞ്ഞാൽ ഉടൻ മണികണ്ഠൻചാലിൽ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജന സംരക്ഷണ സമിതി. മണികണ്ടംചാൽ പാലത്തിന് ഒരു ടോക്കൺ പോലും അനുവദിച്ചില്ല എന്നതിൽ കടുത്ത നിരാശയും പ്രദേശത്തുകാർക്ക് ഉണ്ട്. ജനങ്ങളുടെ വികാരം ഏറ്റെടുത്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജന സംരക്ഷണ സമിതി പറഞ്ഞു. ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യം സൂക്ഷിക്കുന്ന മണികണ്ഠൻചാൽ പ്രദേശത്തോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.