കോതമംഗലം: മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഓ പി രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 2.18 കോടി രൂപ മുടക്കി നവീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നിലവിലുള്ള ഓ പി പുതുക്കി നിർമ്മിച്ചതോടൊപ്പം പുതുതായി ഓ പി റൂമുകൾ നിർമ്മിച്ചുമാണ് ഓ പി നവീകരണം പൂർത്തിയാക്കിയത്.ആദിവാസികളടക്കം സാധാരണക്കാരായ നൂറ് കണക്കിന് ആളുകൾ നിത്യേന ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ ഓ പി ബ്ലോക്കിൽ നിലവിൽ വലിയ വീർപ്പുമുട്ടലുകളായിരുന്നു നേരിട്ടിരുന്നത്.
ഇതിനു പരിഹാരമെന്ന നിലയിൽ നിലവിലെ ഓ പി ബ്ലോക്കിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ ആശുപത്രിയിൽ നടപ്പിലാക്കിയത്. ഫാർമസിയിലും,ലാബിലും,ഓ പി യിലും വരുന്ന ആളുകൾക്ക് വിശ്രമിക്കുന്നതിനു വേണ്ടി വെയിറ്റിങ്ങ് ഏരിയകൾ ഇതിന്റെ ഭാഗമായി നിർമ്മിച്ചു.ഓ പി റൂമുകൾ പുതുക്കി പണിഞ്ഞതിനോടൊപ്പം തന്നെ പുതിയ ഓ പി റൂമുകളും നിർമ്മിച്ചു.ടൈൽ വിരിച്ച് പെയ്ന്റിങ്ങ് ചെയ്ത് മനോഹരമാക്കിയാണ് പുതിയ ഓ പി റൂമുകൾ നിർമ്മിച്ചത്.അതോടൊപ്പം തന്നെ ലാബും അത്യാധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്.ലാബ് സെന്ററുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുന്ന തരത്തിൽ മോഡിഫൈ വരുത്തി,ഓ പി യിൽ എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ള മടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം തന്നെ നിലവിൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ആർ എസ് ബി വൈ ആരോഗ്യ ഇൻഷുറൻസ് കൗണ്ടറും,സ്കിൻ ഓ പി യും താഴത്തെ നിലയിലേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്.ഇതിനു പുറമേ താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ്,അത്യാധുനിക രീതിയിലുള്ള ഇന്റൻസീവ് കെയർ യൂണിറ്റ്,ഒഫ്താൽമോളജി തിയറ്റർ,ക്യാഷ്വാലിറ്റി ബ്ലോക്ക്,ഹൈടെക് ലാബ് അടക്കം 17 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായും എം എൽ എ പറഞ്ഞു.
താലൂക്ക് ആശുപത്രിയുടെ ചരിതത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,താലൂക്ക് ആശുപത്രിയുടെ സ്ട്രക്ചർ കൂടി നവീകരിച്ച് അത്യാധുനിക സൗകര്യങ്ങളോട് കൂടി സ്വകാര്യ ആശുപത്രികളോട് കിട പിടിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്നതെന്നും,സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും എം എൽ എ പറഞ്ഞു.