പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ ഭവനം മുടക്കുഴ ഗ്രാമപഞ്ചായത്ത് കിരിക്കാട്ടയിൽ എം.എ സുശീലക്ക് കൈമാറി. മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടേഷന്റെ ധനസഹായതോടെയാണ് ഭവനം പൂർത്തീകരിച്ചത്. 500 ചതുരശ്രയടി ചുറ്റളവിലാണ് ഭവന നിർമ്മാണം. 5.50 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. 2 കിടപ്പു മുറികളും അടുക്കളയും ഹാളും ശുചിമുറിയും ഉൾപ്പെടുന്ന സുരക്ഷിതമായ ഇത് എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിലെ പതിനൊന്നാമത്തെ ഭവനമാണ്. പക്ഷാഘാതം ബാധിച്ച ഭർത്താവിനൊപ്പമാണ് സുശീലയുടെ താമസം. ഇതുമൂലം ജോലിക്ക് പോകുന്നതിന് സാധിക്കുന്നില്ല. വർഷങ്ങളായി ടാർപോളിൻ വെച്ചു കെട്ടിയ വീട്ടിലാണ് സുശീലയും കുടുംബവും താമസിക്കുന്നത്.
15 വർഷങ്ങൾക്ക് മുൻപ് സർക്കാരിൽ നിന്ന് അനുവദിച്ച തുക കൊണ്ട് നിർമ്മിച്ച ചെറിയ വീടാണ് ഇത്. എന്നാൽ ഭർത്താവിന് അസുഖം ബാധിച്ചതിനാൽ ഭവനത്തിന്റെ നിർമ്മാണം പൂർത്തികരിക്കുവാൻ അന്ന് സാധിച്ചിരുന്നില്ല. കഴിഞ്ഞ മഴയിൽ ഇത് പൂർണ്ണമായും നശിച്ചു പോയതിനെ തുടർന്ന് വാടക വീട്ടിലാണ് ഇപ്പോൾ സുശീലയും കുടുംബവും താമസിക്കുന്നത്.ഇവരുടെ അവസ്ഥ മുടക്കുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാർ ആണ് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മുത്തൂറ്റ് ഫൗണ്ടേഷനുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ബന്ധപെടുകയും മുത്തൂറ്റ് ആഷിയാന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം അനുവദിക്കുകയായിരുന്നു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിനെത്തിയില്ല.
വീടിൻ്റെ താക്കോൽദാനം മുത്തൂറ്റ് ഫിനാൻസ് എക്സികൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ് നിർവ്വഹിച്ചു. എ.ടി അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.പി അവറാച്ചൻ, മിനി ബാബു, മുത്തൂറ്റ് സി.എസ്.ആർ വിഭാഗം മേധാവി ബാബുജോൺ മലയിൽ, വാർഡ് അംഗങ്ങളായ ഡോളി ബാബു, റോഷ്നി എൽദോ, വൽസ ശശി, എൻ.പി രാജീവ്, ജോഷി തോമസ്, ജോളി കെ. ജോസ്, ഫെജിൻ പോൾ, മനോജ് കെ.റ്റി, ബാബു പാത്തിക്കൽ, ഗിരീഷ് എൻ.പി, സോഫി രാജൻ, ദീപഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.