കോതമംഗലം : കോഴിക്കൂട്ടിൽ നിന്ന് പതിവായി കോഴികൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വച്ച കെണിയിൽ കുടുങ്ങിയത് കാട്ടുപൂച്ച. കോഴിപ്പിള്ളി ഇടക്കാട്ടുകുടിയിൽ തോമസിൻ്റെ വീട്ടിലാണ് സംഭവം. തുടർച്ചയായി നാല് കോഴികൾ നഷ്ടപ്പെട്ടതിനെതുടർന്നാണ് കോഴിക്കൂടിനു സമീപം വലിയ എലിക്കെണിവച്ചത്. ചെറിയ പുലിയുടെ രൂപസാദൃശ്യമുള്ള കാട്ടുപൂച്ചയെ കണ്ടതോടെ വീട്ടുകാർ വനപാലകരെ വിരമറിയിക്കുകയായിരുന്നു.
കോതമംഗലം ഫോറസ്റ്റ് ഓഫീസിലെ ഡി. ഷിബു, ബിജു എന്നീ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപൂച്ചയെ തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് കൊണ്ടുപോയി. മൃഗ ഡോക്ടറുടെ പരിശോധനക്ക് ശേഷം തട്ടേക്കാട് പക്ഷി സങ്കേതത്തിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷാജി, സുമേഷ്, ബേസിൽ ,സ്റ്റീഫൻ എന്നിവർ ചേർന്ന് കാട്ടുപൂച്ചയെ കൂടിലടച്ചു.
9 വയസ് പ്രായം തോന്നിക്കുന്ന ആൺപൂച്ചയാണിത്. നല്ല രൂപഭംഗിയും10 കിലോ ഭാരവുമുള്ള പൂച്ചയെ ഏതാനും ദിവസം തട്ടേക്കാട് സൂക്ഷിച്ച ശേഷം കാട്ടിൽ തുറന്നു വിടുമെന്ന് പക്ഷി സങ്കേതം അധികൃതർ പറഞ്ഞു.