കോതമംഗലം : എറണാകുളം ജില്ലയിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് പ്രസിഡൻ്റായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ ചുമതലയേറ്റു. പ്രസിഡൻ്റ് സ്ഥാനം പട്ടികവർഗ സംവരണമായ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഭരണം UDF പിടിച്ചെടുക്കുകയായിരുന്നു. 17 വാർഡുകളിൽ പത്തും നേടിയാണ് UDF ഭരണം തിരിച്ചുപിടിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്ന് പട്ടികവർഗ സംവരണ വാർഡുകളാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് UDF സ്ഥാനാർത്ഥികളും തോറ്റതോടെ കാന്തി പ്രസിഡൻ്റ് പദവിയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരുന്ന പ്രവർത്തന പരിചയവും കാന്തിക്ക് ഉണ്ട്.
പ്രസിഡൻ്റ് സ്ഥാനത്തെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആദിവാസി സമൂഹത്തിന് വേണ്ടിയും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ജനങ്ങൾക്കു വേണ്ടിയും നിലകൊള്ളുമെന്ന് കാന്തി പറഞ്ഞു. LDF – ലെ ചന്ദ്രിക അനൂപിന് ഏഴ് വോട്ടും, UDF ലെ കാന്തി വെള്ളക്കയ്യ ന് 10 വോട്ടും ലഭിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം പ്രസിഡൻ്റായി ചുമതലയേറ്റ കാന്തിയെ ഊരിലുള്ളവരും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഊരുവാസികളുടെ നേതൃത്വത്തിൽ കുമ്മിയടിയും ആഹ്ലാദ പ്രകടനവും നടന്നു.