എറണാകുളം : തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 18 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8.6° N അക്ഷാംശത്തിലും 83.0°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 200 കിമീ ദൂരത്തിലും പാമ്പൻ തീരത്ത് നിന്ന് 420 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 600 കിമീ ദൂരത്തിലുമാണ്. അടുത്ത 12 മണിക്കൂറിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. ഡിസംബർ 2 ന് വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ശ്രീലങ്കൻ തീരത്തെത്തുമ്പോൾ ചുഴലിക്കാറ്റിന് അകത്തെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 80 മുതൽ 90 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോതമംഗലം ( ആയവന, കല്ലൂർക്കാട്, വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ, പല്ലാരിമംഗലം, കവളങ്ങാട്, കോതമംഗലം (half), കീരംപാറ (half), കുട്ടമ്പുഴ (half) ), കൊച്ചി താലൂക്കുകളിലെ 41 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓറഞ്ച് അലെർട് പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ജില്ലയിൽ 150-204 മില്ലി മീറ്റർ മഴ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ചുഴലിക്കാറ്റ് ഡിസംബർ 3 നോട് കൂടി ഗൾഫ് ഓഫ് മാന്നാർ എത്തുകയും ഡിസംബർ 3 ന് രാത്രിയിലും ഡിസംബർ 4 ന് പുലർച്ചെയോടെയുമായി കന്യാകുമാരിയുടെയും പാമ്പൻറെയും ഇടയിലൂടെ തെക്കൻ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുന്നറിയിപ്പുകൾ കൃത്യസമയത്തു കൈമാറുകയും മാറ്റി താമസിപ്പിക്കേണ്ട വരെ മാറ്റുകയും വേണം. കെ.എസ്.ഇ.ബി യും മുൻകരുതലുകൾ സ്വീകരിക്കണം. ഓറഞ്ച് അലെർട്ടുള്ളപ്പോൾ ക്വാറികളുടെ പ്രവർത്തനം നിർത്തി വെക്കാനുള്ള ഉത്തരവിറക്കാൻ ജില്ലാ ജിയോളജിസ്റ്റിനോട് കളക്ടർ നിർദ്ദേശം നൽകി. ശക്തമായ മഴ പെയ്താൽ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിക്കാനും പോലീസിനോട് നിർദ്ദേശിച്ചു. ഡിസംബർ ഒന്നുമുതൽ മൂന്നു വരെ വൈകീട്ട് 7 മുതൽ രാവിലെ 7 വരെയുള്ള പശ്ചിമഘട്ട മേഖലയിൽ കൂടിയുള്ള യാത്രയും നിരോധിച്ചു. ജില്ലയിലെ ഡാമുകളിലെ വെള്ളത്തിൻ്റെ നില കൃത്യമായി അറിയിക്കുന്നതിനായി ഇറിഗേഷൻ വകുപ്പിനെയും കളക്ടർ ചുമതലപ്പെടുത്തി.