കോട്ടപ്പടി 11 -ാം വാർഡ് പൗരസമിതി
കോട്ടപ്പടി : കഴിഞ്ഞ ഒന്നര വർഷമായി ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന അനാസ്ഥമൂലം എല്ലാ വിഭാഗം ജനങ്ങളും കോട്ടപ്പടി- തുരങ്കം റോഡിൻ്റെ ശോചനീയാവസ്ഥ മൂലം പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. വളരെയധികം തവണ ജനപ്രതിനിധിയോടും പഞ്ചായത്തിലും പിഡബ്ല്യുഡി ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ശ്രദ്ധയിൽപ്പെടുത്തി എങ്കിലും നാളിതുവരെ ഇന്നു ചെയ്യാം..നാളെ ചെയ്യാം.. എല്ലാ പ്രതിബന്ധങ്ങളും മാറി… നാളെ മുതൽ തുടങ്ങും…. റോഡ് വന്നാൽ നല്ല റോഡ് ആയിരിക്കും.. ഇങ്ങനെയൊക്കെ പറയുന്നു എന്നല്ലാതെ റോഡ് വന്നു കാണുന്നില്ല. വാഗ്ദാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു.
ഇരുമലപ്പടി മുതൽ തുരങ്കം വരെ റോഡ് പണി ആദ്യഘട്ടം ഏകദേശം പൂർത്തിയായപ്പോൾ ഫണ്ട് തീർന്നു എന്നാണ് ഇപ്പോൾ കേൾക്കുന്നത്. പണിയാൻ പറ്റില്ലെങ്കിൽ ഒന്നാന്തരം റോഡ് എന്തിന് കുത്തി പൊളിച്ചു? ഒരു ചെറിയ പൈപ്പിടാൻ പോലും പഞ്ചായത്തിൽ നിന്ന് പെർമിഷൻ വാങ്ങി റീടാറിങ് ഉള്ള പൈസ അടച്ചാൽ മാത്രമേ അനുമതി ലഭിക്കൂ എന്നാണ് അറിയുന്നത്. ഇവിടെ പതിനൊന്നാം വാർഡിലെ ജനങ്ങൾ മാത്രമല്ല ഇതുമൂലം ബുദ്ധിമുട്ടുന്നത് എല്ലാ ദിശകളിലേക്കും കോട്ടപ്പടിയിലും തുരങ്കം ഭാഗത്തും ആയിട്ടുള്ള വളരെയധികം ആളുകൾ ഉപയോഗിക്കുന്ന റോഡാണ് ഇത്. ഈ റോഡിന് താങ്ങാൻ പോലും പറ്റാത്ത രീതിയിലുള്ള ടോറസ് ലോറികൾ വരെ ഇപ്പോൾ അമിത സ്പീഡിൽ ഇതിലൂടെ പായുമ്പോൾ ഉണ്ടാവുന്ന പൊടി ഇവിടെയുള്ള കുഞ്ഞുങ്ങൾ മുതൽ വളരെ പ്രായമായവർ വരെ എല്ലാവർക്കും രാഷ്ട്രീയ പാർട്ടി ഭേദമെന്യേ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുന്നു.
വോട്ടിനു വേണ്ടി മാത്രം മതിയോ നമ്മളെ?. വോട്ടിനു വേണ്ടി മാത്രം ചിരിച്ചും കൈ പൊക്കി കാണിക്കുന്ന ആളുകൾക്ക് വേണ്ടി മാത്രം ഉഴിഞ്ഞു വെക്കാൻ ഉള്ളതാണോ നമ്മുടെ ജീവിതം? ചിന്തിക്കൂ….നമ്മുടെ ഉറച്ച ഒരു തീരുമാനം ഏവർക്കും നല്ലതിലേക്ക് നയിച്ചേക്കാം. യാതൊരുവിധ രാഷ്ട്രീയവും നോക്കാതെ നാം പൊതുജനം ഒറ്റക്കെട്ട്, എന്ന് ചിന്തിച്ച് നമുക്ക് ഒരുമിച്ച് ഒരു തീരുമാനമെടുക്കാം. ഉറപ്പുകൾ പലതും കിട്ടി അതുകൊണ്ട് ഇനി ഉറപ്പു വേണ്ട. ഉറപ്പുനൽകുന്നതിൽ വിശ്വാസമില്ല. ചെയ്തു കാണിക്കട്ടെ. അതിനുശേഷം നമുക്ക് ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാം. അതല്ലേ നല്ലത്? ജോലി ചെയ്തുണ്ടാക്കുന്ന വളരെയധികം പണം നമ്മുടെ ആരോഗ്യത്തിനും വാഹനങ്ങൾക്കും ഒക്കെയായി മുടക്കേണ്ടി വരുന്നു.
ഒന്നു ചിന്തിക്കൂ…ഇപ്പോൾ നാം ഉണർന്നില്ലെങ്കിൽ ഇനി അടുത്ത ഒരു വർഷത്തേക്ക് ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പു പറയാം. കാരണം, ഡിസംബർ 14 വരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഒരു പണിയും നടക്കാൻ സാധ്യതയില്ല. അതിനുശേഷം ദാ വരുന്നു നിയമസഭ തെരഞ്ഞെടുപ്പ് . അപ്പോൾ ഇനി ഈറോഡ് ടാറിങ്ങിന് വാക്കാലുള്ള ഉറപ്പ് പോരാ. അതിനുശേഷം നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ ആര് ഭരണത്തിൽ വന്നാലും പിന്നീട് ഒരു തീരുമാനം വരണമെങ്കിൽ കുറച്ചു സമയം എടുക്കും. അല്ലെങ്കിൽ തന്നെ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ജൂൺ ആയി മഴക്കാലമായി.പിന്നെ മഴക്കാലം കഴിയട്ടെ എന്നാവും.
മഴക്കാലം കഴിഞ്ഞു കഴിയുമ്പോൾ വേറെ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ.. നിങ്ങൾ ഒന്ന് ആലോചിക്കുക… ഇപ്പോൾ ചിന്തിച്ചില്ലെങ്കിൽ നല്ല ഒരു റോഡ് അത് രണ്ട് വർഷത്തിനപ്പുറം അല്ലെങ്കിൽ മൂന്നുവർഷത്തോളം നാം കാത്തിരിക്കേണ്ടി വരും. ഓരോവർഷവും റോഡ് ടാക്സ് ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും പണം കൊടുക്കുന്നുണ്ട്. ഇവിടെ ആരുടെ മുന്നിലും ഓച്ഛാനിച്ചു നിൽക്കേണ്ട കാര്യം നമുക്കില്ല. ചിന്തിക്കു.. കൂട്ടുകാരാ..ചിന്തിക്കൂ.. നാം പൊതുജനങ്ങൾ സാധാരണ ജനങ്ങൾ ഒരു ഹെൽമെറ്റ് വച്ചില്ലെങ്കിൽ അത് കുറ്റം. അഞ്ചു പേര് കൂടുന്നിടത്ത് ആറുപേർ ആയാൽ അത് കുറ്റം. ഇതൊക്കെ ശരി തന്നെ. എല്ലാ നിയമങ്ങളും നാം അനുസരിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഒരു ജോലി ഏറ്റെടുത്ത് കൃത്യസമയത്ത് പൂർത്തിയാക്കാൻ, ഒന്നാന്തരം ആയി കിടന്നിരുന്ന റോഡ് കുത്തിപ്പൊളിച്ച് ഇങ്ങനെയാക്കി രണ്ടുവർഷത്തോളം ഇങ്ങനെ ഇട്ട് ആളുകളെ ദുരിതത്തിൽ ആക്കിയ ഈ കോൺട്രാക്ടറെ കരിമ്പട്ടികയിൽപ്പെടുത്തിയോ? ഇല്ല.. അവനെ പിടിച്ച് അകത്തിട്ടോ..ഇല്ല. എന്തുകൊണ്ട്?? നാം ചിന്തിക്കണം. ഇപ്പോൾ നാം ചിന്തിക്കുന്നില്ല എങ്കിൽ മിനിമം ഒരു വർഷം കൂടി എങ്കിലും ഏറ്റവും കുറഞ്ഞത് ഈറോഡ് ഇങ്ങനെതന്നെ കടന്നേക്കാം. അതാണ് പറഞ്ഞത്… വൈകിയെടുക്കുന്ന തീരുമാനങ്ങളാവരുത് നമ്മുടേത്… കൃത്യസമയത്തുള്ള തീരുമാനങ്ങളാവണം.