കോട്ടപ്പടി : കുളങ്ങാട്ടുകുഴിയിൽ കാട്ടാന ചത്ത നിലയിൽ കണ്ടെത്തി. കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് യാക്കോബായ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പാടത്താണ് ഞായറാഴ്ച രാവിലെയോടെ കാട്ടാന മുക്ക് കുത്തി വീണു ചത്ത നിലയിൽ പ്രദേശ വാസികൾ കണ്ടെത്തിയത്. വാഴയും, കപ്പയും നട്ടിരിക്കുന്ന പാടമാണ് ഇത്. പ്രദേശ വാസികൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആന ചെരിയാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
കുളങ്ങാട്ടുകുഴി, വെറ്റിലപാറ പ്രദേശങ്ങൾ കാട്ടാനകളുടെ വിഹാര കേന്ദ്രങ്ങൾ ആണ്. വനങ്ങൾ കൊണ്ട് പ്രകൃതി രമണിയമായ പ്രദേശമാണ് ഇവിടം .എന്നാൽ കാഴ്ചയിലെ ഭംഗി പക്ഷേ ഇവിടുത്തെ ജീവിതങ്ങൾക്കില്ലാ. കാരണം കാട്ടാന ശല്യം തന്നെ. ആനശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഈ നാട്ടുകാർ . വൈദ്യൂതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പ്രവർത്തിപ്പിക്കുന്നില്ലാ എന്നാ പരാതിയും പരിസരവാസികൾ ഉന്നയിക്കുന്നുണ്ട്. കാട്ടാന, സോളാർ ഫെൻസിംഗ് പൊട്ടിച്ച് നാട്ടിലേക്ക് ഇറങ്ങുകയാണ് പതിവ്. കുളങ്ങാട്ടുകുഴി, വെറ്റിലപാറ വടക്കുംഭാഗം, വാവേലി മേഖലയിൽ കാട്ടാനകളെയും, മറ്റു വന്യമൃഗങ്ങളെയും പ്രതിരോധിക്കുന്നതിൽ വനം വകുപ്പ് പരാജയപെടുകയാണെന്ന് പ്രദേശത്തെ ജനങ്ങൾ പറയുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് കാട്ടാന വീട്ടിൽ കെട്ടിയിട്ടിരുന്ന പോത്തിനെ അടിച്ചും ചവിട്ടിയും കൊന്നത് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. അതിന്റെ ഭീതിയിൽ നിന്നും നാട്ടുകാർ ഇപ്പോളും മോചിതരായിട്ടില്ല.
ദിവസം പ്രതി വർദ്ധിച്ചു വരുന്ന വന്യജീവികളുടെ കൃഷിയിടങ്ങളിലേയ്ക്കുള്ള കടന്നാക്രമണം അതിരുകൾ ലംഘിക്കുമ്പോഴും വനം വകുപ്പു മൗനം പാലിക്കുന്നത് വളരെ വേദനാജനകമാണെന്നും ഇവർ പറയുന്നു. പേടിച്ചു കിടന്നുറങ്ങാൻ കഴിയാത്ത ആശങ്കകളിലാണ് ഇവിടുത്തെ കർഷകർ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൗങ്ങും പിള്ളിൽ ഫാ.എൽദോ, പെരുമ്പിള്ളിൽ സിജൂ, വട്ടക്കുഴി എബ്രാഹാം എന്നിവരുടെ കൃഷിയിടത്തിൽ ആയിരുന്നു തെങ്ങുകൾ കുത്തി മറിച്ചും, കൊക്കൊയും, റബ്ബറും മറ്റുംപിഴുതെറിഞ്ഞുമുള്ള കാട്ടാനയുടെ വിളയാട്ടം. ആന പ്ലാവു കുലുക്കുമ്പോഴും, വാഴയും ,തെങ്ങും മറിക്കുമ്പോഴും ഞെട്ടലിൻ്റെ തിരിച്ചറിവിൽ വീടിനുള്ളിൽ ഭയചകിതരായി ഈശ്വരനെ വിളിച്ചിരിക്കാനല്ലാതെ കർഷകർക്ക് വേറെ മാർഗ്ഗമില്ല.
താൻ നട്ടു നനച്ച കൃഷിയിടത്തിൽ ഒരു രാത്രി കൊണ്ട് ആനയും പന്നിയുമൊക്കെ കാട്ടിക്കൂട്ടിയ പുകിലുകൾ പുലർച്ചെ കാണുമ്പോൾ വിറങ്ങലിച്ച് ഒരു ഹൃദയ സ്തംഭനത്തിൽ നിന്നും അതിജീവിച്ച് കർഷകർ മിഴികളിലെ കണ്ണീർ തുടയ്ക്കുന്നു .കാടുകളിലെ തനതു ജൈവസമ്പത്തിനെ പണം കായ്ക്കുന്ന ഘന മരങ്ങൾ വെച്ചുപിടിപ്പിച്ചു കൊണ്ട് നശിപ്പിച്ചപ്പോൾ കാടിന് നഷ്ട്ടമായത് തനത് ജൈവസമ്പത്തും ,മൃഗങ്ങളെ പോറ്റുന്നതിനുള്ള ആഹാര സമൃദ്ധിയുമായിരുന്നു. അതുകൊണ്ട് തന്നെയാണ് വന്യമൃഗങ്ങൾ കർഷകൻ്റെ കൃഷിയിടങ്ങളിലെ ആഹാര സമ്പത്തിലേയ്ക്ക് കടന്നു കയറാൻ തുടങ്ങിയത്.
എന്തായാലും കാട്ടാന ഭീഷണിയിൽ നിന്ന് തങ്ങളുടെ ജീവനും, സ്വത്തിനും മതിയായ സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ട്രഞ്ച് താഴ്ത്തിയും, റെയിൽഫെൻസിംഗ് സ്ഥാപിച്ചും ഇതിനു പരിഹാരം കാണണമെന്നു ഇവർ ആവശ്യപ്പെടുന്നു.സർക്കാരിൽ നിന്നും യഥാസമയം നഷ്ട്ടപരിഹാരം ലഭിക്കാത്തത് കർഷകൻ്റെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കാട്ടാന ശല്യം പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം ഉടനടി കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.