ഏബിൾ. സി. അലക്സ്
കോതമംഗലം: ലക്ഷക്കണക്കിന് ആകാശവാണി ശ്രോ താക്കൾക്കു ദുഃഖ വാർത്ത നൽകി കൊണ്ട് ആലപ്പുഴ നിലയത്തിന് പൂട്ട് വീഴുന്നു. ആലപ്പുഴ ആകാശവാണി നിലയത്തിൽനിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. പ്രസാർ ഭാരതിയാണ് അടിയന്തരമായി പ്രക്ഷേപണം അവസാനിപ്പിച്ചകാര്യം അറിയിച്ചു ഉത്തരവിറക്കിയത്. ഈ ഉത്തരവ് ആകാശവാണിയെ നെഞ്ചിലേറ്റിയ ഒരു ജനതയോടുള്ള കൊടും ക്രൂരത എന്ന് തന്നെ പറയേണ്ടി വരും. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാനും പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് പ്രസാർഭാരതി യുടെ ഉത്തരവ് .
ആലപ്പുഴ ആകാശവാണി നിലയത്തിന്റെ നിലവിലുള്ള സംപ്രേഷണപരിധി തിരുവനന്തപുരംമുതൽ തൃശൂർവരെയും ലക്ഷദ്വീപിലെ കവരത്തിമുതൽ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലവരെയും ആണ്. ഈ ജില്ലകളിലായി ലക്ഷകണക്കിന് ശ്രോതാക്കളാണ് നിലവിൽ ആലപ്പുഴ നിലയത്തിനുള്ളത്.ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂർ, പത്തനംതിട്ട, ജില്ലകളിലുള്ള ശ്രോതാക്കൾക്ക് , തിരുവനന്തപുരം നിലയത്തിലെ പരിപാടികൾ കേൾപ്പിച്ചു കൊടുത്തത് ആലപ്പുഴ നിലയത്തിൽ ഉള്ള ട്രാൻസ്മിറ്റർ ആയിരുന്നു.ആലപ്പുഴ യിലെ ട്രാൻസ്മിറ്റർ ഒഴിവാക്കുന്നതിലൂടെ തിരുവനന്തപുരം ആകാശവാണി യിൽ നിന്നുള്ള വാർത്തകൾ ഉൾപ്പെടെയുള്ള മിക്ക പരിപാടികളും ബഹു ഭൂരിഭാഗം ശ്രോതാക്കൾക്കും കേൾക്കാൻ സാധിക്കില്ല എന്നാ ദുഖകരമായ അവസ്ഥയും ഉണ്ട്.
തിരുവനന്തപുരം കുളത്തൂരുള്ള ട്രാൻസ്മിറ്റർ വഴി തിരുവനന്തപുരം പരിസര പ്രദേശങ്ങളിൽ മാത്രമേ ശ്രവണം സാധിക്കു. കാരണം ഇതിന്റെ കപ്പാസിറ്റി 10 കിലോ വാട്ട് മാത്രമാണ്. ഇനി മുതൽ ആലപ്പുഴ യിൽ അവശേഷിക്കുന്ന എഫ് എം ട്രാൻസ്മിറ്റർ കൊണ്ട് ആറ് കിലോമീറ്റർ ദൂര പരിധിയിൽ ഉള്ളവർക്ക് മാത്രമേ ആകാശവാണി പരിപാടികൾ കേൾക്കാനാകു. ഇനി ഏക പോം വഴി സ്മാർട്ട് ഫോണിൽ ന്യൂസ് ഓൺ എയർ ആപ്പ് ഡൌൺലോഡ് ചെയ്യുക എന്നത് മാത്രമാണ്.ആകാശവാണി പരിപാടികളെ ഹൃദയത്തോട് ചേർത്തു വെക്കുന്ന റേഡിയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചിരവവും, ഓൾ ഇന്ത്യ റേഡിയോ ലിസനേഴ്സ് വെൽഫെയർ അസോസിയേഷനും എല്ലാം പ്രസാർ ഭാരതിയുടെ ഈ തീരുമാനത്തിൽ അതീവ ദുഖിതരാണ്.