കോതമംഗലം : മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയിൽ ചെയ്ത് പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗ സംഘത്തിലെ അഞ്ചു പേർ പോലീസ് പിടിയിൽ. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട് അശ്വിൻ (19), കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി ആസിഫ് ഷാജി (19 ), നെല്ലിക്കുഴി പറമ്പി റിസ്വൻ ഷുഹൈബ് (21 ), നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (22 ) എന്നിവരാണ് അറസ്റ്റിലായത്.
കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തി ബ്ലാക്‌മെയിൽ ചെയ്താണ് പണവും കാറും തട്ടിയെടുത്തത്. ഇയാളുടെ മൂവാറ്റുപുഴയിലെ ഡി.ടി.പി. സെന്ററിലെ ജീവനക്കാരിയായിരുന്നു ആര്യ. ലോക്‌ഡൗൺ കാലത്ത് ഇവിടത്തെ പണി നിർത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അങ്കമാലിയിൽ ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയെന്നും അതിന്റെ ചെലവ് ചെയ്യാമെന്നും പറഞ്ഞ് കടയുടമയെ ലോഡ്ജിൽ വിളിച്ചുവരുത്തുകയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ അഞ്ചംഗ സംഘം ലോഡ്ജിൽ എത്തി ഇരുവരുമൊരുമിച്ചുള്ള ചിത്രം പകർത്തി സമൂഹ മാധ്യമത്തിലിടുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിച്ചു. തുടർന്ന് കൈവശം ഉണ്ടായിരുന്ന എ.ടി.എം. കാർഡും തട്ടിയെടുത്തു. തുടർന്ന് കടയുടമയെയും കൂട്ടി കാറിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങുകയായിരുന്നു.
ബുധനാഴ്ച കോട്ടപ്പടിയിൽ എത്തിയപ്പോൾ അശ്വിൻ സ്ഥലത്തെ കോളേജിൽ എന്തോ ആവശ്യത്തിനു പോയ സമയത്ത് കടയുടമ മൂത്രമൊഴിക്കാനെന്നു പറഞ്ഞ് കാറിൽനിന്ന് പുറത്തിറങ്ങി. അവിടത്തെ ഒരു സ്റ്റാഫിന്റെ കാൽക്കൽ വീണ് സംഭവം വിശദീകരിച്ചു. ഇതോടെ കടയുടമയെ മർദിച്ച് കാറുമായി മറ്റുള്ളവർ കടന്നു. അശ്വിനെ പിന്നീട് കോട്ടപ്പടി പോലീസ് പിടിച്ചു. പിന്നീട് നെല്ലിക്കുഴിയിൽ എത്തിയപ്പോൾ സംഘത്തിലൊരാൾക്കൊപ്പം സ്ഥലംവിടാൻ ശ്രമിക്കുന്നതിനിടെയാണ് ആര്യയെ കസ്റ്റഡിയിലെടുത്തത്. കാർ മൂവാറ്റുപുഴയിൽ നിന്നു കണ്ടെത്തി.
കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ബി അനിൽ, എസ് ഐ ശ്യാം കുമാർ, എ എസ് ഐ നിജു ഭാസ്കർ, രഘു നാഥ് , മുഹമ്മദ് , സീനിയർ സിപിഒ മാരായ നിഷാന്തു , പരീത് , ആസാദ് അനൂപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസിലെ പ്രതിയായ മുഹമ്മദ് യാസിന് മെഡിക്കൽ പരിശോധനയിൽ ആന്റിജൻ പോസിറ്റീവ് ആകുകയും ചെയ്തു.