അനൂപ്. എം ശ്രീധരൻ.
കോതമംഗലം :- നൂറ്റിമുപ്പതു വർഷം മുമ്പുള്ള, കൃത്യമായി പറഞ്ഞാൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറാംമാണ്ട് മാർച്ച് മുപ്പത്താം തിയതിയിലെ മലയാള മനോരമയുടെ ദിനപത്രം ഇപ്പോൾ വായിക്കുവാൻ സാധിക്കുകയെന്നാൽ വിസ്മയമെന്നല്ലേ പറയാനാകൂ. നമ്മുടെ കാരണവർമാർ പോലും വായിച്ചിട്ടുണ്ടോയെന്നും കണ്ടിട്ടുണ്ടോയെന്നും സംശയമുള്ള അപൂർവ മായ ഒരു പത്രം കഴിഞ്ഞ ദിവസം കാണുവാനും വായിക്കുവാനും സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.
കോതമംഗലം താലൂക്കിൽ പിണ്ടിമന കാവുംപടിയിൽ താമസിക്കുന്ന കാരിക്കുന്നേൽ ശ്രീ. കെ. പി സുകുമാരൻ ചേട്ടന്റെ പക്കലാണ് ഈ പഴയ പത്രമുള്ളത്. അപൂർവങ്ങളായ താളിയോലകൾ, ക്യാമറ, എൺപതു വർഷം പഴക്കമുള്ള ഉരൽ, ഇന്റാലിയത്തിൽ നിർമിച്ച വലിയ ഒരു പുട്ടുകുറ്റി, പഴയ നാണയങ്ങൾ, നോട്ടുകൾ, മുറുക്കാൻ ചെല്ലം, പഴമക്കാർ ചുണ്ണാമ്പിട്ടു വെയ്ക്കാറുള്ള നൂറ്റ് കുടം എന്നിങ്ങനെ പഴയ കാലത്തുപയോഗിച്ചിരുന്ന അപൂർവ വസ്തുക്കൾ അദ്ദേഹത്തിന്റെ ശേഖരണത്തിൽ ചിലതു മാത്രമാണ്.
സ്വന്തം തറവാട്ടിൽ ഉണ്ടായിരുന്നവയും, റവന്യു ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത സമയത്ത് പല സ്ഥലങ്ങളിൽ നിന്നും പണം കൊടുത്തു വാങ്ങിയവയും , ചില സുഹൃത്തുക്കളുടെ പക്കൽ നിന്നു ശേഖരിച്ചവയും ഇവയിലുണ്ട്. ഇപ്പോൾ ജോലിയിൽ നിന്നു വിരമിച്ച ശേഷം ഈ അപൂർവ വസ്തുക്കൾ നല്ല രീതിയിൽ സ്വന്തം ഭവനത്തിൽ കാത്തു സൂക്ഷിക്കുന്നു.
ആധുനിക സംവിധാനങ്ങൾ വരുന്നതിനു മുൻപ് വയലുകളിൽ ഉപയോഗിച്ചിരുന്ന ഏതാണ്ട് എഴുപത് വർഷം പഴക്കമുള്ള ഒരു വലിയ നുകവും മേഞ്ഞിലും സ്വീകരണമുറിക്ക് അലങ്കാരമേകുന്നു. പണ്ട് യാത്രയിൽ ഉപയോഗിച്ചിരുന്ന തടി പെട്ടികൾ,ഗ്രാമഫോൺ പലതരത്തിലുള്ള കത്തികൾ, എഴുപത് വർഷം പഴക്കമുള്ള വാൽവ് റെഡിയോ തുടങ്ങി പറഞ്ഞാൽ തീരാത്ത ഒരുപാട് അപൂർവ വസ്തുക്കളുടെ ഉടമയാണ് കെ. പി സുകുമാരൻ. കാവുംപടിയിലുള്ള ചിറ്റെക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രസിഡന്റ് ആയി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന സുകുമാരൻ ചേട്ടൻ, പുരാവസ്തു ശേഖരണം ഇപ്പോഴും തുടരുകയാണ്.
പുരാവസ്തുക്കൾ എന്നപോലെ മറ്റൊരു കൗതുകകരമായ ശേഖരവും ഈ കൂട്ടത്തിലുണ്ട്. ഏതാണ്ട് നാനൂറിൽ പരം ചെറുതും വലുതുമായ ഒഴിഞ്ഞ വിലകൂടിയ സ്വദേശിയും വിദേശിയുമായ മദ്യകുപ്പികൾ, സുഹൃത്തുക്കൾ സമ്മാനിച്ചവയും സ്വന്തമായി വാങ്ങിച്ചവയും എല്ലാം ഇതിലുണ്ട്. വീട്ടിൽ പ്രത്യേകമായി സൂക്ഷിച്ചിരിക്കുന്ന ഈ കുപ്പികൾ ആകർഷണിയമായ ഒന്നാണ്.
പോയകാലത്തെ ശേഷിപ്പുകളായ പുരാവസ്തുക്കൾ, നല്ല രീതിയിൽ പുതു തലമുറ ക്കായി കാത്തുസൂക്ഷിച്ചിരിക്കുകയാണ്. ഈ അപൂർവ ശേഖരങ്ങൾ സംരക്ഷിക്കുവാൻ ഭാര്യയും, പിണ്ടിമന പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീമതി. സതി സുകുമാരനും എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട് . മക്കളായ സൂരജ്, സൂര്യ മരുമക്കളായ ബിനു,അനീറ്റ തുടങ്ങിയവരും അച്ഛന്റെ ഈ വേറിട്ട ശേഖരത്തിൽ അഭിമാനം കൊള്ളുന്നവരാണ്. കൊച്ചുമക്കളായ അർജുനും, അഭിനവിനും, അമ്മയുടെ വീട്ടിൽ വരുമ്പോൾ ഈ ചരിത്ര ശേഷിപ്പുകളെക്കുറിചെല്ലാം ചേട്ടൻ വിശദമായി പറഞ്ഞു കൊടുക്കാറുണ്ട്. വീട്ടിലുള്ള പത്തുമാസം പ്രായമുള്ള കൊച്ചു മകൻ ദർശ് ഇതെല്ലാം ചെറു അത്ഭുതത്തോടെയാണ് വീക്ഷിക്കാറ്.
പഴയ വസ്തുക്കൾക്കായി കാശ് വെറുതെ കളയണമോ എന്ന പലരുടെയും ചോദ്യങ്ങൾക്ക് ഉത്തരം ഒരു ചിരിയിൽ ഒതുക്കി ചേട്ടൻ ശേഖരണം തുടരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്‌മൃതിയിലാണ്ടു പോയ ഒരു പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്കായി ഈ അപൂർവ ശേഖരത്തെ കണക്കാക്കാം. പഴയ മനോരമ പത്രം ഒന്നുകൂടി വായിച്ചു നോക്കി, പറഞ്ഞറിയിക്കാനാകാത്ത ഒരു സംതൃപ്തിയോടെ യാത്രപറഞ്ഞിറങ്ങുമ്പോൾ സ്വീകരണ മുറിയിലെ ഗ്രാമഫോണിൽ നിന്നും പഴയ ഗാനം ഒഴുകി വരുന്നപോലെ തോന്നി, ജീവിതത്തിൽ ആദ്യമായി കണ്ട, പഴയ തലമുറയുടെ ജീവിതചര്യയെ നിയന്ത്രിച്ചിരുന്ന കുറെയേറെ അപൂർവ വസ്തുക്കൾ മനസ്സിൽ മായാതെ നിൽക്കുന്നു.