കോതമംഗലം: വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിൽ കോവിഡ് മാനേജ്മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് ആസ്ഥാനത്ത് കോവിഡ് മാനേജ്മെൻ്റ് സെൻ്റർ പ്രവർത്തനം തുടങ്ങിയത്.സെൻ്ററിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസ് വഴി കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളുടെ ഷിഫ്റ്റിങ്ങ് അടക്കമുള്ള സേവനങ്ങളും, ടെലി മെഡിസിൻ സൗകര്യങ്ങളും ലഭിക്കുന്നതാണ്. കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു മുന്നേറുകയാണെന്ന് ചടങ്ങിൽ എം എൽ എ പറഞ്ഞു.
ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളിലെ അധ്യാപകർ കോവിഡ് ഡ്യൂട്ടിക്ക് സന്നദ്ധരായി പരിശീലനം നേടിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമല മോഹൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി വി മോഹനൻ,എയ്‌ഞ്ചൽ മേരി ജോബി,മാത്യൂ കെ ഐസക്,ശ്രീകല സി,സി ഡി എസ് ചെയർപേഴ്സൺ ജെസ്സി തോമസ്,സെൻ്റർ കോ ഓർഡിനേറ്റർ ബേസിൽ എൽദോസ്,ശാലിനി,സെക്രട്ടറി കെ അനിൽകുമാർ,നോഡൽ ഓഫീസർ സുധീർ അരവിന്ദൻ എന്നിവർ പങ്കെടുത്തു.