കോതമംഗലം : കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രത്തിൻ്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ച് 4 നിർധന കുടുംബങ്ങൾക്ക് 3 സെന്റ് സ്ഥലം വീതം നൽകിയതിൻ്റെ ആധാരം ആന്റണി ജോൺ എം എൽ എ കൈമാറി. പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കീഴിൽ 2000 മുതൽ കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ച നാൾ മുതൽ ചെറുതും വലുതുമായ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുവാൻ സെൻ്റ് ജോൺസ് മിഷന് സാധിച്ചിട്ടുണ്ട്.
നിരവധി പേർക്ക് വീടുകൾ വെച്ച് കൊടുക്കുവാനും,അനേകം നിർധന യുവതികൾക്ക് വിവാഹ സഹായം,മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗികൾക്ക് ചികിത്സാ സഹായ വിതരണം,ക്രിസ്തുമസിനും ഈസ്റ്ററിനും കിടപ്പു രോഗികൾക്ക് കിറ്റുകൾ വിതരണം,സർക്കാർ ആശുപത്രികളിൽ ഉച്ചഭക്ഷണ വിതരണം,എല്ലാ ദിവസവും വിശക്കുന്നവർക്ക് ആഹാരം, അന്ധൻമാർക്കും വിധവകൾക്കും പെൻഷൻ വിതരണം, സാധാരണക്കാർക്ക് ആശ്വാസ കേന്ദ്രമായി സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രം പ്രവർത്തിച്ചു വരുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സ്ഥലമില്ലാത്ത തിരഞ്ഞെടുക്കപ്പെട്ട പ്ലാമുടി ചെറുപുലി സൂസൻ സാജു,കുട്ടമ്പുഴ മനാട്ടുകാലയിൽ സിന്ധു ബേബി, ഉരുളൻതണ്ണി തൊട്ടിയിൽ ഏലിയാമ്മ ജോസ്,ചെറുവട്ടൂർ നിരപ്പേൽ മറിയാമ്മ ദേവസി എന്നീ കുടുംബങ്ങൾക്കാണ് ആധാരം വിതരണം ചെയ്തത്.കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ ചടങ്ങിൽ മിഷൻ പ്രസിഡന്റ് റവ.ഫാദർ മാത്യൂസ് കുഴിവേലിപ്പുറം അധ്യക്ഷത വഹിച്ചു.ബ്രദർ ജോണി തോളേലി,പി വി വർഗീസ്,എം എസ് ബെന്നി,ഡോക്ടർ സാലിമോൾ ജേക്കബ്,സിസ്റ്റർ സൂസന്ന, ഗോഡ്ലി പി ജോണി എന്നിവർ പങ്കെടുത്തു.