പെരുമ്പാവൂർ : രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന എന്‍.ഐ.എ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലൂം പരിശോധന നടന്നത്. ഇവരില്‍ നിന്ന് നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ജിഹാദി ലേഖനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ന്യൂ ബോംബേ ടെക്സ്റ്റയിൽസിൽ 10 വർഷമായി ജോലി ചെയ്തിരുന്ന മൂർഷിദ് ഹസ്സൻ ( 38), കണ്ണൻന്തറ അൽ അമീൻ ഫുട്‌സിൽ പൊറോട്ടയടിച്ചിരുന്ന യാക്കൂബ് ബിശ്വാസ് ( 25), മുസാറഫ് ഹുസൈൻ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ പശ്ചിമ ബംഗാളില്‍ നിന്ന് നിര്‍മ്മാണ ജോലികള്‍ക്ക് എന്ന വ്യാജേന പെരുമ്പാവൂർ എത്തി താമസിക്കുന്നവരാണെന്ന് എന്‍.ഐ.എ പറയുന്നു. ല്യൂ യാന്‍ അഹമ്മദ്, അബു സുഫിയാന്‍ എന്നിവരാണ് ബംഗാളില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍. വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയാണ് ഇവര്‍ കേരളത്തിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയത്.
അല്‍-ഖ്വയ്ദ കേരളവും പശ്ചിമ ബംഗാളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഈ മാസം 11നാണ് എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചത്. പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള അല്‍-ഖ്വായ്ദ ഇവരെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരപ്രവര്‍ത്തിലേക്ക് ആകര്‍ഷിച്ചതെന്ന് എന്‍.ഐ.എ പറയുന്നു. അതീവ രഹസ്യമായി തന്നെ ഇവരെ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇവരെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. ഇന്നു പുലര്‍ച്ചെയാണ് അറസ്റ്റ് വിവരങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടത്. ഇവരെ കോടതിയില്‍ ഹാജരാക്കി പ്രൊഡക്ഷന്‍ വാറന്റ് നല്‍കി ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനാണ് എന്‍.ഐ.എ തീരുമാനം. ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പല ജില്ലകളിലുമുണ്ടെന്ന സുചനയും എന്‍.ഐ.എ നല്‍കുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നേക്കും.