കോതമംഗലം : തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തൃക്കാരിയൂർ ഗ്രൂപ്പിന് കീഴിലുള്ള നൂറിൽ പരം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും, ഭക്തർ വഴിപാടായി നൽകുന്ന സ്വർണ്ണം, പഞ്ചലോഹങ്ങൾ, ഉൾപ്പെടെയുള്ളവയും സൂക്ഷിക്കുന്ന ദേവസ്വം അസ്സി:കമ്മീഷ്ണറുടെ തൃക്കാരിയൂർ ആസ്ഥാനത്തുള്ള സ്ട്രോങ്ങ് റൂമിൽ കഴിഞ്ഞ മാസം കണക്കെടുപ്പ് നടന്നപ്പോൾ,
കോടനാട് ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിൽ ക്രമക്കേട് കണ്ടെത്തിയ ആരോപണം വന്നിരുന്നു. സ്വർണ്ണം ഇരുന്നിടത്ത് മുക്കുപണ്ടം കണ്ടെത്തിയെന്നാണ് ആരോപണം. അതേ തുറന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധവും പരാതിയും ഉണ്ടായിരുന്നു. അന്ന് സ്ട്രോങ്ങ് റൂം പൂട്ടി ദേവസ്വം ഉന്നതതല അന്വേഷവും പ്രഖ്യാപിച്ചിരുന്നു. അതേതുടർന്ന് ഇന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണർ, തിരുവാഭരണ വിഭാഗം, വിജിലൻസ് വിഭാഗം, സ്വർണ്ണ അപ്രയ്‌സർ വിഭാഗം,എന്നീ സംഘങ്ങൾ ഒരുമിച്ച് സ്ഥലത്തെത്തി സ്ട്രോങ്ങ് റൂം തുറന്ന് പരിശോധന നടത്തി. പരിശോധനയിൽ സ്വർണ്ണത്തിന്റെ മുദ്രപ്പൊതിയുടെ ഉള്ളിൽ മുക്കുപണ്ടം കയറ്റി വച്ചിരിക്കുന്നതായി കണ്ടെത്തി. ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണൻ ഈ കാര്യം സ്ഥിതീകരിക്കുകയും ചെയ്തു.
കോടനാട് ക്ഷേത്രത്തിൽ നിന്നും സ്വർണ്ണത്തിന്റെ മാറ്റ് നോക്കി അളവ് സഹിതം സ്ഥിതീകരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമാണ് സ്വർണ്ണം മുദ്രപ്പൊതിയാക്കി തൃക്കാരിയൂർ സ്ട്രോങ്ങ് റൂമിൽ വച്ചത്. അങ്ങനെയുള്ള സ്വർണ്ണം എങ്ങനെയാണ് സ്ട്രോങ്ങ് റൂമിനുള്ളിൽ ഇപ്പോൾ അതേ രൂപത്തിലുള്ള ചെമ്പ് പൂശിയ മുക്കുപണ്ടമായി മാറിയത് എന്നതിൽ ദുരൂഹത വർധിക്കുന്നു. ഒന്നുകിൽ സ്ട്രോങ്ങ് റൂമിൽ വച്ചപ്പോൾ തിരിമറി നടന്നു. അല്ലെങ്കിൽ സ്ട്രോങ്ങ് റൂം ആരോ തുറന്ന ശേഷം തിരിമറി നടത്തി. ദേവസ്വം സ്ട്രോങ്ങ് റൂമിനടുത്ത് പ്രവേശിക്കാൻ പാടില്ലാത്ത ഈ ഗ്രൂപ്പിന് കീഴിലുള്ള വേറെ ക്ഷേത്രത്തിലെ രണ്ട് കഴകക്കാരും, ഒരു വാച്ചറും കഴിഞ്ഞ മാസം സ്ട്രോങ്ങ് റൂം തുറന്നപ്പോൾ അതിന് സമീപം എത്തിയതും ദുരൂഹതയേറുന്നു . കാരണം ഇവർ 3 പേരും സ്ഥിരം ആരോപണ വിധേയരുമാണ്. സ്വർണ്ണ തിരിമറി സ്ഥിതീകരിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത ദേവസ്വം നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.
ഭരണ സ്വാധീനം ഉപയോഗിച്ച് യൂണിയൻ തലത്തിൽ ഈ വിഷയം ഒതുക്കി തീർക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. മുദ്രപ്പൊതിപ്പൊതി കൈകാര്യം ചെയ്ത അന്നത്തെ അസ്സി:കമ്മീഷ്ണൻ, സബ് ഗ്രൂപ്പ് ഓഫീസർ, എന്നിവരെയും, ആരോപണ വിധേയരായ മേൽപ്പറഞ്ഞ 3 ജീവനക്കാരെയും ഉടൻ ദേവസ്വത്തിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ തൃക്കാരിയൂരിലെ ദേവസ്വം ആസ്ഥാനത്ത് പ്രതിഷേധം നടത്തി. പ്രതിഷേധ സമരം ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി എം മണി ഉത്‌ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി നേതാക്കളായ പി തങ്കപ്പൻ, പി പ്രദീപ്, മോഹനൻ ചന്ദ്രത്തിൽ എന്നിവർ സമര പരിപാടികൾക്ക് നേതൃത്വം കൊടുത്തു.