പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖം മാറുന്നു. നവീനമായ ഭൗതിക സാഹചര്യ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തി ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 72 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. നിലവിലുള്ള കെട്ടിടത്തിനോട് ചേർന്ന് മുൻ വശത്തായിട്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആരോഗ്യ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടത്തിന് തുക അനുവദിച്ചത്. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് എംഎൽഎ നിർദ്ദേശം നൽകി. പൊതുമേഖല സ്ഥാപനമായ കെൽ ആണ് നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്.
ആശുപത്രിയുടെ പൊതു ഭരണ നിർവഹണത്തിനുള്ള സൗകര്യം, ഡോക്റ്ററുടെ പരിശോധന മുറി, പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനുള്ള സൗകര്യം, സാന്ത്വന പരിചരണ വിഭാഗത്തിനുള്ള മുറി, വനിതകൾക്കുള്ള ബ്ലോക്ക്, ഫയലുകൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ, അഞ്ച് ശുചിമുറികൾ, റിസപ്‌ഷൻ എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണ് പുതിയതായി നിർമ്മിക്കുന്നത്. 1900 ചതുരശ്രയടി ചുറ്റളവിൽ ഭാവിയിലെ വികസന സാധ്യതകൾ കൂടി മുന്നിൽ കണ്ടു കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
കോടനാട് ആശുപത്രിയെ ദേശിയ തലത്തിൽ തന്നെ മികച്ച കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള മുന്നോടിയായിട്ടാണ് പദ്ധതി തയ്യാറാക്കിയതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. ഇതിന് ഗ്രാമപഞ്ചായത്തിന്റെയും ആശുപത്രി മേൽനോട്ട സമിതിയുടെയും കൂടി സഹകരണം ഉണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ ജില്ലയിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമായി രണ്ട് വർഷങ്ങൾക്ക് മുൻപ് ഉയർത്തിയിരുന്നു. ദേശിയ ആരോഗ്യ ദൗത്യം അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവിടെ ലബോറട്ടറിയുടെ വികസനവും ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കുന്നതിനുള്ള ക്യാബിൻ സൗകര്യം ഉൾപ്പെടെയുള്ളവ സജ്ജമാക്കിയത്.
ഏകദേശം മുന്നൂറോളം രോഗികൾ പ്രതിദിനം ചികിൽസ തേടിയെത്തുന്ന ആശുപത്രിയാണ് ഇത്.
രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും
രോഗികൾക്ക് പ്രാദേശികമായി മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ഭാഗമായാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
1977 മാർച്ച് മാസത്തിൽ ജനകീയമായി സംഭാവനകൾ സ്വീകരിച്ചു നിർമ്മിച്ച കോടനാട് ആശുപത്രിയുടെ ഉദ്‌ഘാടനം നിർവഹിച്ചത് ദേശിയ അവാർഡ് ജേതാവായ സിനിമ താരം ഉർവശി ശാരദ ആയിരുന്നു. 1976 മാർച്ച് മാസത്തിൽ നിർമ്മാണം തുടങ്ങിയ ആശുപത്രി കെട്ടിടം കൃത്യം ഒരു വർഷം കൊണ്ട് പൂർത്തീകരിച്ചു. തുടർന്ന് അന്നത്തെ പഞ്ചായത്ത് ഭരണ സമിതി നൽകിയ പതിനയ്യായിരം രൂപ ഉപയോഗിച്ചു ഒരു വാർഡ് കൂടി നിർമ്മിക്കുകയായിരുന്നു. തുടക്കത്തിൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം
മാത്രമാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. മംഗലം എസ്റ്റേറ്റിലെ പൊന്നൂസ് എന്ന വ്യക്തിയാണ് തന്റെ രണ്ടര ഏക്കറോളം വരുന്ന സ്ഥലം ആശുപത്രിക്കായി വിട്ടു നൽകിയത്.
വൈകുന്നേരം 6 മണി വരെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാണ്. ആഴ്ചയില്‍ പാലിയേറ്റീവ് ക്ലിനിക്, വയോജന കൗമാര ആരോഗ്യ ക്ലിനിക്ക്, ജീവിതശൈലീ വിഷാദ രോഗ, കാഴ്ച പരിശോധനാ ക്ലിനിക് എന്നി സൗകര്യങ്ങളും കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്നുണ്ട്. 7 സബ് സെന്ററുകളാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്നത്. ഒപ്റ്റോമെട്രിസ്റ്റിന്റെ സേവനവും ഇവിടെ ലഭ്യമാണ്.
ഒ.പി സമയങ്ങളിൽ ഫാർമസിയും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ലബോറട്ടറി സൗകര്യങ്ങളും ആശുപത്രിയിൽ ലഭിക്കും. കിടപ്പു രോഗികളെ പരിചരിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച മിനി ആംബുലൻസും ഓക്സിജൻ കോൺസെൻട്രേറ്ററുകളും അടങ്ങുന്ന സൗകര്യങ്ങളും ഇവിടെ നിലവിലുണ്ട്.
കൂവപ്പടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദമെന്നത് കൊണ്ട് തന്നെ ആവശ്യമായ മരുന്നിനും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് മായാ കൃഷ്ണകുമാർ പ്രതിനിധീകരിക്കുന്ന വാർഡിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. പ്രകാശ് ഈ വർഷത്തെ വാർഷിക പദ്ധതിയിൽപ്പെടുത്തി 5 ലക്ഷം രൂപ പാലിയേറ്റീവ് കെയർ ബ്ലോക്ക് നിർമ്മിക്കുന്നതിനും അനുവദിച്ചു. തോമസ് പി. കുരുവിള ഡയറക്ടർ ബോർഡ് അംഗമായിരുന്ന കാലയളവിൽ കെ.എസ്.എഫ്.ഇ പൊതുനന്മ ഫണ്ടിൽ നിന്നും ആശുപത്രി ആവശ്യങ്ങൾക്കായി നൽകിയ ജനറേറ്റർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ആശുപത്രിയുടെ മുഴുവൻ ആവശ്യങ്ങൾക്കായി ഈ വർഷം 5.50 ലക്ഷം രൂപ വിനിയിഗിച്ചു പുതിയ ജനറേറ്റർ വാങ്ങിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന പ്രമേഹ രോഗം പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിനുള്ള നോൺ മൈഡ്രിയാറ്റിക്ക് ഫണ്ടസ് ക്യാമറ സ്ഥാപിച്ചിട്ടുള്ള കുടുംബാരോഗ്യ കേന്ദ്രം എന്ന പ്രത്യേകതയും കോടനാട് ആരോഗ്യ കേന്ദ്രത്തിന് സ്വന്തമാണ്.