കോതമംഗലം : യാക്കോബായ വിശ്വാസികളുടെപള്ളികൾ എല്ലാം ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ്കാർക്ക് പിടിച്ചു കൊടുത്തു കൊണ്ടിരിക്കുകയും, പിതാക്കന്മാർ കഷ്ടപ്പെട്ട് പടുത്തുയർത്തിയ പള്ളികളും സ്വത്തുക്കളും ഒരു അർഹതയില്ലാത്ത കേവലം നാലഞ്ചു ഇടവകക്കാർ മാത്രമുള്ള ഓർത്തഡോക്സ്കാർക്ക് വിട്ടുകൊടുക്കുന്നത് ഏറെ സങ്കടകരവും നീതിന്യായ വ്യവസ്ഥകൾക്കും യോജിക്കാത്തതുമാണ്. യാക്കോബായ സഭ വേദനിക്കുന്ന ഈ നാളുകളിൽ, സഹന സമരം നടത്തുന്ന ഈ നാളുകളിൽ ഓണാഘോഷങ്ങൾ വെടിഞ്ഞ് മതമൈത്രി സംരക്ഷണ സമിതിയുടെ പ്രതിഷേധ കരിദിനം ആചരിച്ചു. യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
പ്രതിഷേധ യോഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ് അധ്യക്ഷത വഹിച്ചു. യോഗം മുൻമന്ത്രി റ്റി. യു കുരുവിള ഉദ്ഘാടനം ചെയ്തു.കെ. എ. നൗഷാദ്, ലിസി ജോസ്, ചന്ദ്രലേഖ ശശിധരൻ, ഷമീർ പനക്കൽ, വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീയിക്കൽ ,ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. എൽദോസ് കുംഭം കോട്ടിൽ, ട്രസ്റ്റി ബിനോയി മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാരും സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയിരുന്നു.