പെരുമ്പാവൂർ : രായമംഗലം ഗ്രാമ പഞ്ചായത്തിലെ കീഴില്ലം ഗവ. യു.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. നാല് ക്ലാസ് മുറികളും ഒപ്പം അടുക്കളയും പുതിയ കെട്ടിടത്തിൽ ഉണ്ട്. രണ്ട് നിലകളിലായി 2873 ചതുരശ്രയടി ചുറ്റളവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഭാവിയിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉതകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്.
രായമംഗലം ഗ്രാമപഞ്ചായത്തിൽ 1885 ൽ സ്ഥാപിതമായ ഈ സ്കൂൾ അപ്പർ പ്രൈമറി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമാണ്. പ്രി പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 8 ഡിവിഷനുകളിലായി 150 ന് മുകളിൽ കുട്ടികൾ 135 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. കാലപ്പഴക്കം മൂലം ക്ലാസ് മുറികൾ കാലഹരണപ്പെട്ടതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർമ്മാണ ചുമതല നിർവ്വഹിച്ചത്.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജ്യോതിഷ് കുമാർ, എൽസി പോൾ, പഞ്ചായത്ത് അംഗങ്ങളായ രാജൻ വർഗീസ്, ഐസക് തുരുത്തിയിൽ, ബിനീഷ് എം.എസ്, ഹെഡ്മിസ്ട്രസ് ജീന പീറ്റർ, എസ്.എം.സി ചെയർമാൻ പി. രാമചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് പി.കെ ഗീവർഗീസ്, കെൽ പ്രതിനിധി പി.എ സുധീരൻ എന്നിവർ സംബന്ധിച്ചു.