കോതമംഗലം : ‘മുപ്പതു വർഷമായി ഞാൻ മണ്ണിൽ പണിയെടുത്തു നേടിയ സമ്പാദ്യമൊക്കെ നഷ്ടമായി, കടം മാത്രമാണു ബാക്കി, ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ല’. പൈനാപ്പിൾ കർഷകൻ സുഹൃത്തിന് അവസാനമായി അയച്ച സന്ദേശമാണിത്. ആയവന കാലാമ്പൂർ കുഴുമ്പിൽ കെ.കെ.അനില്‍ (45)- ആണ് മരണമടഞ്ഞത്. കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. വ്യാഴാഴ്ച ഉച്ചയോടെയാണ് വിഷം ഉള്ളില്‍ ചെന്ന് അവശനായ നിലയില്‍ ഇയാളെ കണ്ടത്. ഉടന്‍ തന്നെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കോവിഡ് കാലഘട്ടത്തില്‍ പുതു കൃഷിയിലും ആവര്‍ത്തന കൃഷിയിലുമായി വിളവെടുപ്പു നടത്തിയതില്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്ന് പറഞ്ഞതായി വാഴക്കുളം പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. അടുത്തയിടെയാണ് വീട് പണി പൂര്‍ത്തീകരിച്ചത്. ഇതോടനുബന്ധിച്ചും കടബാധ്യതയുണ്ടായതായി കരുതുന്നു. കടാതിയില്‍ വച്ചാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ അനിലിനെ കണ്ടത്. മുവാറ്റുപുഴ പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. പൈനാപ്പിൾ കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ല എന്ന ആരോപണം നിലനിൽക്കുമ്പോൾ ആണ് നാടിനെ നടുക്കികൊണ്ട് കർഷകൻ കടം കയറി ജീവനൊടുക്കുന്നത്.