കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ വില്ലേജിൽ ബ്ലോക്ക് നമ്പർ 3 ൽ റീസർവ്വേ നമ്പർ 431 ൽപെട്ടതും കുത്തക പാട്ടത്തിന് നല്കിയിരുന്നതുമായ പൂയംകുട്ടി പ്രദേശത്തെ11 ഏക്കർ 39 സെൻ്റ് സ്ഥലത്ത് 15 സെൻ്റ് സ്ഥലത്തിൽ താഴെ വീട് വച്ച് താമസിക്കുന്ന 11 കുടുംബങ്ങൾക്ക് 178/2020/റവന്യൂ ഉത്തരവ് പ്രകാരം ഭൂമി പതിച്ച് നല്കുന്നതിന് അനുമതി നല്കികൊണ്ട് ഉത്തരവായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. കൊല്ലവർഷം 1123 ൽ കുത്തക പാട്ടത്തിന് നല്കിയ 11 ഏക്കർ 39 സെൻ്റ് സ്ഥലം ഇപ്പോൾ 25 പേരുടെ കൈവശത്തിലാണുള്ളത്. ഇവർക്ക് ഭൂമി പതിച്ച് നല്കണമെന്നുള്ളത് നാളുകളായുള്ള ഇവരുടെ ആവശ്യമായിരുന്നു. ഇതിലെ 15 സെൻ്റിൽ താഴെ മാത്രം ഭൂമിയിൽ വീട് വച്ച് താമസിക്കുന്ന 11 പേരുടെ ഭൂമി പതിച്ച് നല്കുന്നതിന് അനുമതിയായി. ബാക്കി 14 കുടുംബങ്ങൾക്കും ഭൂമി പതിച്ച് നല്കുന്നതിനു വേണ്ടി 2020 ജൂൺ മാസം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഉത്തരവ് 163/2020/റവന്യൂ പ്രകാരം 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ച് നല്കുന്നതിനു വേണ്ട നടപടി ക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും എം എൽ എ അറിയിച്ചു.
