മൂവാറ്റുപുഴ/കോതമംഗലം: ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചെയർമാനായുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തിക്കൊണ്ട് ജനങ്ങളെയും സർക്കാരിനെയും സഹായിക്കുന്നതിനായി സന്നദ്ധ സേന രൂപീകരിക്കുന്നു. ഇടുക്കി ജില്ലയിലെ 5 താലൂക്ക്കളിലും എറണാകുളം ജില്ലയിലെ കോതമംഗലം മൂവാറ്റുപുഴ താലൂക്കുകളിലേയും സന്നദ്ധപ്രവർത്തകരെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിശീലനം കൊടുക്കുക എന്നതാണ് ആദ്യ ഘട്ട പദ്ധതി. പരിശീലനം നേടിയ പ്രവർത്തകരെ ഉപയോഗിച്ച് കൂടുതൽ ആളുകളെ ഈ രംഗത്ത് സജീവമാക്കുകയാണ് ഇടുക്കി കെയർ ഫൗണ്ടേഷൻറെ ലക്ഷ്യം.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിദഗ്ധരായ കർമ്മസേനയുടെ സേവനം ഉറപ്പാക്കുക, പൊതു നിരത്തുകളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുക, ദുരന്തത്തിൽ അകപ്പടുന്നവർക്ക് സമയബന്ധിതമായി അടിയന്തിര സഹായം ഉറപ്പാക്കുക, പ്രകൃതി ദുരന്തത്തിൽപ്പെട്ട വീടുകളിലെ മണ്ണും ചെളിയും നീക്കം ചെയ്യുക തുടങ്ങി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങളെയും സർക്കാരിനെ സഹായിക്കുക എന്നതാണ് സന്നദ്ധസേനയുടെ മുഖ്യലക്ഷ്യം. സന്നദ്ധസേനയിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഈ മെയിൽ വിലാസത്തിലോ 8157029914 / 8281282948 എന്ന ഫോൺ നമ്പറിലോ 2 ദിവസത്തിനകം പേരും വിലാസവും ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ ഡീൻ കുര്യാക്കോസ് അറിയിച്ചു.