പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡ് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ മുതൽ ആരംഭിച്ചത്. ഒരാഴ്ച കൊണ്ട് ഈ പ്രവൃത്തികൾ പൂർത്തീകരിക്കും. നബാർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപയ്ക്കാണ് റോഡ് നിർമ്മാണം. റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പദ്ധതി തയ്യാറാക്കി നബാർഡിന് സമർപ്പിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്.
പയ്യാൽ മുതൽ ഓടക്കാലി വരെയുള്ള ഭാഗത്ത് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് പുനർ നിർമ്മിക്കുന്നത്. നാല് കിലോമീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിൽ റോഡ് നവീകരിക്കും. രാത്രി യാത്രക്കാർക്ക് സഹായകരമാകുന്ന റിഫ്ലക്ടർ, ദിശാസൂചികൾ എന്നിവ റോഡിൽ സ്ഥാപിക്കും. ഇതിൽ ഓടക്കാലി, പയ്യാൽ, പനിച്ചയം എന്നി ഭാഗങ്ങളിൽ 270 മീറ്റർ നീളത്തിൽ ടൈൽ വിരിച്ചു മനോഹരമാക്കും. 400 മീറ്റർ നീളത്തിൽ കാനയും അതിനൊപ്പം തന്നെ കലുങ്കും നിർമ്മിക്കുന്നതിനും പദ്ധതിയിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടൈൽ വിരിക്കുന്ന ജോലികളാണ് ആദ്യം ആരംഭിക്കുന്നത്. ലെവൽസ് റിപ്പോർട്ട് ചെയ്ത ശേഷം മൂന്ന് ആഴ്ചകൾക്ക് ശേഷം മാത്രമാകും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
അശമന്നൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് പാണിയേലി മൂവാറ്റുപുഴ റോഡ്. പയ്യാൽ വരെയുള്ള ഭാഗം കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് 25 ലക്ഷം രൂപ വിനിയോഗിച്ചു കുഴികൾ അടക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ തുക അനുവദിച്ചു നവീകരിച്ചിരുന്നു.