കോതമംഗലം : കോതമംഗലം എം.എ കോളേജ് കോമേഴ്‌സ് വിഭാഗം “മുവാറ്റുപുഴക്കാരൻ ചേക്കുട്ടിയോടൊപ്പം” എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ആദ്യ ഡോക്ടറേറ്റ് ജേതാവായ ഡോ.അജിത് കെ.പി യാണ് വെബിനാർ നയിച്ചത്. ജീവിത പ്രശ്നങ്ങൾക്കിടയിലും ഓട്ടോ ഓടിച്ച് ഉപജീവനവും കുടുംബസംരക്ഷണവും പഠനവും നടത്തി ഡോക്ടറേറ്റ് നേടിയ അജിത് കെ.പി വാർത്തകളിൽ ശ്രദ്ധേയനായ വ്യക്തിയാണ്. പത്താംക്ലാസ് കഴിയുമ്പോൾ അതിലെ വിജയശതമാനം വച്ച് ഒരാൾ ജീവിതത്തിൽ എത്ര ശതമാനം അതിജീവിക്കും എന്ന് വിലയിരുത്തുന്ന ഒരു സമൂഹത്തിന് നടുവിൽ ജീവിക്കുന്നവരാണ് നമ്മൾ.
പത്താം ക്ലാസ്സിൽ വിജയം കൈവരിക്കാനാവാതെ ഓട്ടോ ഓടിക്കാനും കരിങ്കൽക്വാറിയിൽ പണിക്ക് പോകാനും വിധിയാൽ നിയോഗിക്കപ്പെട്ട ഒരു മനുഷ്യൻ രണ്ടു വർഷങ്ങൾക്ക് ശേഷം പഠിക്കാൻ തീരുമാനിക്കുകയും ശേഷം പത്താംക്ലാസ് ,+2 ,ബി.എ മലയാളം ,ബി.എഡ് ,എം.എ മലയാളം ,നെറ്റ് പരീക്ഷ എന്നിവ ജയിക്കുകയും ശേഷം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നിന്നുമുള്ള ആദ്യ ഡോക്ടറേറ്റ് ജേതാവ് എന്ന പദവിയിലേക്കും ഉയർന്നപ്പോൾ ,അതിന് പിന്നിൽ ഒരു കഥയുണ്ട് ,ഈ നാട്ടിലെ യുവതയും വിദ്യാർത്ഥിസമൂഹവും അധ്യാപകരും മാതാപിതാക്കളും എല്ലാവരും അറിഞ്ഞിരിക്കേണ്ട അതിജീവനത്തിന്റെ ,നിശ്ചയദാർഢ്യത്തിന്റെ ,കഠിനാധ്വാനത്തിന്റെ ,വിജയത്തിന്റെ കഥ. ജീവിതാനുഭവങ്ങളും ഉപദേശങ്ങളും ചോദ്യോത്തരങ്ങളുമായി നടന്ന വെബിനാറിൽ വലിയ പ്രേക്ഷകപങ്കാളിത്തം ഉണ്ടായിരുന്നു. ഗൂഗിൾ മീറ്റ് വഴി നടത്തിയ വെബിനാറിന് കോമേഴ്‌സ് വിഭാഗമേധാവി ഡോ.ഡയാന ആൻ ഐസക് നേതൃത്വം നൽകി.