കോതമംഗലം: കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന കാലയളവിലും നഗരത്തിൽ സ്ഥിരമായി തമ്പടിക്കുന്ന മാഫിയ സംഘങ്ങൾ വ്യാപാരികൾക്കും ജനങ്ങൾക്കും തലവേദന സൃഷ്ടിക്കുന്നതായി പരാതി. തെരുവിലലയുന്ന സ്ഥിരം ക്രിമിനലുകൾ ഉൾപ്പെടുന്ന ഒരു കൂട്ടം സാമൂഹ്യ ദ്രോഹികളാണ് വ്യാപാരികൾക്കും നഗരത്തിലെത്തുന്നവർക്കും ശല്യമായി മാറിയിരിക്കുന്നത്. നഗരമധ്യത്തിലെ കടകൾക്ക് മുന്നിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇവർ നിരവധി കേസുകളിലെ പ്രതികളാണ്. മദ്യ-മാഫിയ സംഘങ്ങളുടെ ഏജൻ്റായി വർത്തിക്കുന്ന ഇവർ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും തലവേദനയാകുന്നു പകൽസമയങ്ങളിൽ മദ്യ,കഞ്ചാവ് ലഹരി വിൽപനയാണിവർക്ക് പ്രധാന ജോലി. സന്ധ്യമയങ്ങിയാൽ മദ്യപിച്ചു കഞ്ചാവ് ലഹരിയിലുമായ ഇവർ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ തമ്പടിക്കുകയും കടകളിലേക്ക് വരുന്ന സ്ത്രീകളെയും കൊച്ചുകുട്ടികളെയും വരെ പരസ്യമായി അസഭ്യം പറയുകയും ഇവർക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുക പതിവാണ്.
വ്യാപാര ഉടമകൾ ഇവരോട് മാറിപ്പോകാൻ പരാതി പറഞ്ഞാൽ കടയുടമക്ക് നേരെ അസഭ്യവർഷവും തുടങ്ങും. വൈകിട്ട് നാലുമണിയോടെ അടയ്ക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലായിട്ടാണ് കൂടുതലും ഇവർ കൂട്ടം കൂടുന്നതിനായി തെരഞ്ഞെടുക്കുന്നത്. സന്ധ്യയോടെ മദ്യലഹരിയിലാകുന്ന ഇവർ മാസ്ക് ധരിക്കാതെയാണ് നടക്കുന്നത്. കടകൾക്ക് മുന്നിൽ മദ്യലഹരിയിൽ ഒത്ത് ചേരുകയും അശ്ലീല പാട്ട് പാടുന്നത് സമീപത്തെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്. ഇവർ കഴിക്കാൻ വാങ്ങുന്ന ഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങൾ കടകൾക്ക് മുന്നിൽ ഉപേക്ഷിക്കുകയും ചെയ്യും. കടകൾക്കു മുന്നിൽ തന്നെ
വിശ്രമിക്കുന്ന സംഘം മലമൂത്ര വിസർജനം നടത്തുന്നതും പതിവാണ്. ഇവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടി കാട്ടി പൊലിസിൽ പല തവണ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.
മദ്യവിൽപ്പന കേസിൽ അറസ്റ്റിലായ തങ്കളം സ്വദേശി, മുക്കുപണ്ട പണയ കേസിൽ കഴിഞ്ഞ മാസം റിമാൻഡിൽ ആയിരുന്ന പിണ്ടിമന സ്വദേശി തുടങ്ങി ക്രമിനൽ പശ്ചാത്തലമുള്ള നിരവധി ആളുകൾ അടങ്ങിയതാണ് ഇവരുടെ ഗ്യാങ്ങ്. കോതമംഗലം ബസ്റ്റാൻഡിനു സമീപമുള്ള ചെറിയപള്ളി ബിൽഡിങ്ങിൽ സ്ഥിരമായി തമ്പടിക്കുന്ന ഇവർ അവർ സ്ഥാപന ഉടമയായ സ്ത്രീയെ കഴിഞ്ഞദിവസം അസഭ്യം പറഞ്ഞു കടയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പരാതി പറഞ്ഞ മറ്റൊരുകട ഉടമയെ ബോംബ് വച്ച് കട തകർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തി. പ്രതികരിക്കുന്ന വ്യാപാരികൾക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണ് ഈ സംഘം. ഇവർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര മാർഗങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നഗരത്തിലുടെ മാസ്ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാഫിയ സംഘങ്ങളെ നിലക്ക് നിർത്തണമെന്ന ആവശ്യം ശക്തമായി. ഭിക്ഷാടനം അവസാനിപ്പിച്ച് ഇവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മർച്ചന്റ്സ് യൂത്ത് വിങ് മുൻസിപ്പൽ സെക്രട്ടറിക്കും, മുൻസിപ്പൽ കൗൺസിലിനും, സർക്കിൾ ഇൻസ്‌പെക്ടർക്കും പരാതി നൽകി. മർച്ചന്റ് യൂത്ത് വിങ് പ്രസിഡന്റ് ഷെമീർ മുഹമ്മദ്, സെക്രട്ടറി ലിബിൻ മാത്യു, ട്രഷറർ അർജുൻ സ്വാമി തുടങ്ങിയവർ അധികൃതർക്ക് പരാതി നൽകി.