കോതമംഗലം: കവളങ്ങാട് പഞ്ചായയത്ത് ആസ്ഥാനമായ വളരെ തിരക്കേറിയ നെല്ലിമറ്റം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൈമാസ്ക്ക് ലൈറ്റ് പ്രവർത്തിക്കാതായതോടെ ടൗൺ കൂരിരുട്ടിലായി.ലക്ഷങ്ങൾ മുടക്കി മുൻ എം.പി.ജോയിസ് ജോർജ്ജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവതിച്ച് നൽകി പ്രവർത്തിച്ചിരുന്ന ലൈറ്റ് ടൗണിലെത്തുന്ന യാത്രക്കാർക്കും ഓട്ടോ – ടാക്സി തൊഴിലാളികൾക്കും കച്ചവടക്കാർക്കും വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇതിന്റെ പ്രവർത്തന നടത്തിപ്പും മെയിന്റനൻസും നടത്തേണ്ടിയിരുന്ന ചുമതലപ്പെട്ട കവളങ്ങാട് പഞ്ചായത്ത് ഭരണസമിതി ഈ പ്രശ്നത്തിൽ ലൈറ്റ് കെട്ടതു പോലെ കണ്ണടക്കുകയായിരുന്നു. നാട്ടുകാർ നിരവധി തവണ പരാതി പറഞ്ഞ് മടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നെല്ലിമറ്റം ടൗണിൽ മെഴുകുതിരി കത്തിച്ച് ജനകീയ പ്രക്ഷോപം സംഘടിപ്പിച്ചു.
എൻ.എം.മക്കാരിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജനകീയ പ്രക്ഷോപം മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. നെല്ലിമറ്റം ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി സി.കെ. പരീത്, എൻ.എം അലിയാർ, കുര്യാച്ചൻ കന്യാക്കുഴി, ശശി മാപ്പിളകുടി, ജയൻപാറപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.