കോതമംഗലം : ചുരുങ്ങിയ കാലം കൊണ്ട് കോതമംഗലം മേഖലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹോട്ടൽ ആണ് 96 Eatery The Cafe And Restaurant. പക്ഷേ ഇത് അറിയപ്പെട്ടത് ഹോട്ടലിന് ഇട്ട പേരിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല , അവിടത്തെ വിഭവത്തിന്റെ പേരിൽ ആയിരുന്നു. അതാണ് കോതമംഗലത്തെ ചില ഹോട്ടൽ മുതലാളിമാരെ അസ്വസ്ഥതപ്പെടുത്തിയത് എന്നാണ് ഇപ്പോൾ വെളിയിൽ വരുന്ന അടക്കം പറച്ചിലുകൾ. കൈദി ബിരിയാണി കിട്ടുന്ന ഹോട്ടൽ എന്ന വിളിപ്പേര് ചാർത്തിക്കിട്ടുകയും ഭക്ഷണ പ്രേമികളുടെ മനവും വയറും ഒരുപോലെ നിറക്കുവാനും ഹോട്ടൽ നടത്തിപ്പുകാർക്ക് സാധിക്കുകയും ചെയ്തതോടുകൂടി 96നെ കോതമംഗലത്തുകാർ കൈമെയ് മറന്ന് സ്വീകരിക്കുകയായിരുന്നു.
വടാട്ടുപാറ സ്വദേശികളായ രഞ്ജിത്തും , അമ്മയും , കൂട്ടുകാരൻ എൽദോസും ചേർന്ന് നടത്തുന്ന ഹോട്ടലിൽ നിന്നും പഴകിയ വസ്തുക്കൾ പിടിച്ചെടുത്തെന്നും യുവാക്കൾ ആശുപത്രിയിൽ ആയെന്നുമുള്ള വാർത്ത പരക്കുകയായിരുന്നു.
റെയ്ഡിന്റെ സത്യാവസ്ഥ കോതമംഗലം ഹെൽത്ത് ഇൻസ്പെക്ടറും ഹോട്ടലിൽ എത്തി പരിശോധന നടത്തിയ ഉദ്യോഗസ്ഥനുമായ വിജയ പ്രകാശ് കോതമംഗലം വാർത്തയോട് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ഏകദെശം നാല് മണിയോടുകൂടിയാണ് താലൂക്ക് ആശുപത്രിയിൽ നിന്നും ഇദ്ദേഹത്തെ വിളിച്ചു കാര്യം പറയുന്നത്. ഹോട്ടലിൽ നിന്നും ചോറും മീൻ വറത്തതും കഴിച്ച മൂന്ന് പേർ ആശുപത്രിയിൽ വന്നിട്ടുണ്ടെന്നും ഫുഡ് ഇൻഫെക്ഷൻ ആണെന്ന് സംശയമുള്ളതായി അറിയിക്കുകയും ചെയ്തു. തുടർന്ന് വിജയ പ്രകാശ് ഹോട്ടലിൽ എത്തുകയും പരിശോധന നടത്തുകയും ചെയ്തു. അഞ്ചു പേര് ഒരുമിച്ചു ഭക്ഷണം കഴിക്കുകയും മൂന്ന് പേർക്ക് മാത്രം പ്രശ്നമുണ്ടാവുവാൻ ഇടയാക്കുന്ന ഏക വസ്തു മീൻ വറത്തതാകാനാണ് സാധ്യത എന്ന ബോധ്യത്തിൽ അതിന്റെ സാമ്പിളുകൾ ശേഖരിക്കുകയും , മുൻകരുതൽ നടപടി എന്ന രീതിയിൽ മീൻ വിഭവങ്ങൾ കൊടുക്കേണ്ട എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഹോട്ടലിൽ ആരോഗ്യ പ്രശ്ങ്ങൾക്ക് കാരണമാകുന്ന യാതൊരു ഭഷ്യ വസ്തുവും ഇല്ലാ എന്ന ഉദ്യോഗസ്ഥർക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ പ്രവർത്തനം തുടരുകയും ചെയ്തു.
പത്ര വാർത്തയിൽ പ്രതിപാദിച്ചിരിക്കുന്ന കൈദി ബിരിയാണിയിലെ ചിക്കൻ കഴിക്കുന്നതിന് മുൻപ് പ്രശ്നം കണ്ടുപിടിച്ച യുവാക്കളുടെ വികാരം മാനിച്ചു അതും പരിശോധിച്ച ഉദ്യോഗസ്ഥർക്ക് മോശം എന്ന് തോന്നുന്ന ഒന്നും അവിടെ നിന്നും കണ്ടെത്തുവാൻ സാധിച്ചില്ല. തുടർന്ന് പരാതി കിട്ടിയ സ്ഥിതിക്ക് മുൻ കരുതൽ നടപടി എന്ന രീതിയിൽ മീൻ വിഭവങ്ങൾ ആളുകൾക്ക് വിളമ്പരുതെന്നും നശിപ്പിച്ചു കളയണം എന്നും നിർദ്ദേശം കൊടുക്കുകയുമാണ് ഉണ്ടായത്. തുടർന്ന് ചിലർ ഹോട്ടൽ അടച്ചെന്നും പറഞ്ഞു സോഷ്യൽ മീഡിയ വഴി ആഘോഷിക്കുകയായിരുന്നു. ഭക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ കണ്ടുപിടിച്ചാൽ മാത്രമാണ് നോട്ടീസ് നൽകി ഹോട്ടൽ പൂട്ടുവാൻ നിർദ്ദേശം നൽകുവാൻ സാധിക്കുകയുള്ളു എന്ന് ഹെൽത്ത് വിഭാഗം കോതമംഗലം വാർത്തയോട് വ്യക്തമാക്കി.
https://www.facebook.com/104204144452307/videos/188958635874232/
സാധാരണക്കാർ അവരുടെ ആശയവും കഠിനാദ്ധ്യാനവും വഴി ഒരു പ്രസ്ഥാനം വിജയിപ്പിക്കുമ്പോൾ അതിൽ അസൂയാലുക്കളായ ചിലരുടെ കുതന്ത്രങ്ങൾ ആകാം ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുവാൻ കാരണമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർവരെ രഹസ്യമായി വെളിപ്പെടുത്തുന്നു.