കോതമംഗലം : 58 ബിയർ കുപ്പികളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഓണാഘോഷത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസും റെയിഞ്ച് ഓഫീസും സംയുക്തമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. പരിശോധനയിൽ കോതമംഗലം പാനിപ്ര സൊസൈറ്റിപ്പടിയിലുള്ള കോഴി ഫാമിനോടു ചേർന്നുള്ള ഷെഡിൽ നിന്നും 58 കുപ്പികളിലായി 37. 7 ലിറ്റർ ബിയർ പിടിച്ചെടുത്തു. ആസാം സ്വദേശിയായ മുഹമ്മദ് ജാക്കിർ ഹുസൈൻ (25 വയസ്) എന്നയാളെ അറസ്റ്റു ചെയ്തു.
ഒഴിവു ദിവസങ്ങളിൽ ഭായി മാർക്കിടയിൽ വിൽപ്പന നടത്തുന്നതിനായി ശേഖരിച്ചിരുന്ന മദ്യമാണ് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഹിറോഷ് വി., പ്രിവന്റീവ് ഓഫീസർ കെ.എ. നിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ പി.ഇ., ഇയാസ് പി.പി., അമൽ ടി. അലോഷ്യസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എച്ച്. സുഗത ബീവി എന്നിവർ പങ്കെടുത്തു.
