കോതമംഗലം: പല്ലാരിമംഗലം, വാരപ്പെട്ടി, ആയവന എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്ന റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ പൊളിച്ചിട്ടിട്ട് മൂന്ന് മാസം. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേകവല കനാല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൈലൂര്‍ ഏറാമ്പ്ര- കരിങ്ങാട്ട്ഞാല് – ഓളികോട്ടുപടി -സംഗമം കവല- ആന്റണി കവല വഴി ആയവന പഞ്ചായത്തിലെ കടുംപിടിയിലെത്തുന്ന 8.5 കിലോമീറ്റര്‍ റോഡാണ് ടാറിംഗ് അടക്കം പൊളിച്ചിട്ടിരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മുന്‍പാണ് റോഡ് പൊളിച്ചത്. മെറ്റല്‍ പൂര്‍ണമായി ഇളകി കിടക്കുന്നത് മൂലം ഇരുചക്ര വാഹന യാത്രികരും കാല്‍നടക്കാരും ദുരിതത്തിലാണ്. രൂക്ഷമായ പൊടിശല്യം മൂലം റോഡിന് ഇരുവശവുമുള്ള താമസക്കാരും ദുരിതത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചതോടെ മണ്ണ് ഇളക്കിയിട്ടുള്ള റോഡില്‍ ചെളിക്കുഴികളും രൂപപ്പെട്ടിട്ടുണ്ട്. റോഡ് ആറ് മീറ്ററായി വീതികൂട്ടിയാണ് പുനര്‍നിര്‍മാണം. ഇതിനായി വീതികൂട്ടലും കനാല്‍ ബണ്ട് ഭാഗങ്ങളില്‍ കോണ്‍ക്രീറ്റിംഗും നടത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള നിര്‍മാണങ്ങള്‍ നടത്താന്‍ കരാറുകാരന് തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
അടിവാട് തെക്കേക്കവലയില്‍ നിന്നും വാരപ്പെട്ടി പഞ്ചായത്തിലെ ആറ്, ഏഴ്, ഒമ്പത് 13, 12, 10, വാര്‍ഡുകളില്‍ക്കൂടി കടന്നാണ് ആയവന പഞ്ചായത്തിലെ കടുംപിടിയില്‍ അവസാനിക്കുന്നത്. പ്രധാനമന്ത്രി സഡക് യോജന (പിഎംജിഎസ്വൈ) പദ്ധതിയില്‍പ്പെടുത്തിയാണ് റോഡിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. മണ്ണ് മാന്തിയെന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ചപ്പോള്‍ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടിയിരുന്നും. ഇവയില്‍ പലതും ഇപ്പോഴും നന്നാക്കിയിട്ടില്ല.






















































